2017ൽ മോദി ആദരിച്ച വനിതാ ഫുട്ബോൾ താരം; ഇന്ന് താമസം പെരുവഴിയിൽ

2017ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിച്ച വനിതാ ഫുട്ബോൾ താരവും കുടുംബവും ഇന്ന് താമസിക്കുന്നത് പെരുവഴിയിൽ. വനിതാ ഫുട്ബോൾ താരമായ മേരി നായുഡുവാണ് വഴിവക്കിലെ കൂരയിൽ താമസിക്കുന്നത്. അനധികൃത നിർമ്മിതിയെന്ന് കണ്ടെത്തി മേരി താമസിച്ചു കൊണ്ടിരുന്ന വീട് 2010ൽ മുംബൈ മുനിസിപ്പൽ അധികാരികൾ പൊളിച്ചു മാറ്റിയതോടെയാണ് ഇവർ തെരുവിൽ താമസം തുടങ്ങിയത്.
മാതാപിതാക്കളും രണ്ട് സഹോദരിമാരുമുള്ള മേരി ഇപ്പോൾ റോഡരികിൽ ടാർപ്പാളിൻ കൊണ്ട് വലിച്ചുകെട്ടിയ ഒരു താത്കാലിക കൂരയിലാണ് താമസം. മേരിയുടെ അച്ഛൻ പ്രകാശ് നായിഡു മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ താത്കാലിക ശുചീകരണ തൊഴിലാളിയാണ്. അമ്മ ബബിത നായുഡു വീടുകളിൽ പോയി ജോലി ചെയ്യുന്നു. ഇവർ രണ്ടു പേരുടെയും വരുമാനം കൊണ്ടാണ് കുടുംബം പുലരുന്നത്.
19കാരിയായ മേരി നായിഡു മുംബൈ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ടീമില്‍ അംഗമാണ്. രണ്ട് വർഷങ്ങൾക്കു മുൻപ് മഹാരാഷ്ട്രാ സര്‍ക്കാര്‍ തെരഞ്ഞെടുത്ത മികച്ച 20 വനിതാ ഫുട്‌ബോളര്‍മാരിലൊരാളായിരുന്നു മേരി. കേന്ദ്രത്തിൻ്റെ ‘മിഷൻ 11 മില്ല്യൺ’ എന്ന പരിപാടിയുടെ ഭാഗമായാണ് പ്രധാനമന്ത്രി മേരിയെ ആദരിച്ചത്. ആദരിക്കൽ പരിപാടിയുടെ സമയത്ത് പലരും മേരിക്ക് വീട് വാഗ്ധാനം ചെയ്തിരുന്നു. എന്നാൽ ഇതുവരെ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് മേരി പറയുന്നത്.
“മോദിജിയെ പരിചയപ്പെട്ടതിനു ശേഷം അവർ സഹായിക്കുമെന്ന് പലരും പറഞ്ഞു. വർഷങ്ങൾ കടന്നു പോയിട്ടും ആരും ഞങ്ങളെ സഹായിച്ചില്ല. ഞങ്ങൾക്ക് ഒരു വീട് വേണ്ടിയിരുന്നു. എൻ്റെ പഠനം പോലും എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു”- മേരി പറയുന്നു. തനിക്ക് വീട് വേണമെന്നും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്നാണ് തൻ്റെ ആഗ്രഹമെന്നും മേരിയുടെ അച്ഛൻ പറയുന്നു. സ്ഥലത്തെ നഗരസഭാംഗവും പ്രധാനമന്ത്രി ആദരിച്ചതിനെത്തുടർന്ന് പഠിച്ച സ്കൂളിലെ അധികാരികളും ചെറിയ ചില സഹായങ്ങൾ നൽകിയെങ്കിലും വീട് ഇനിയും അകലെയാണ്.
Story Highlights: Narendra Modi, Woman Footballer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here