നടിയെ ആക്രമിച്ച കേസ്; എറണാകുളം പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കും
നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുറ്റപത്രത്തിന്മേലുള്ള പ്രതിഭാഗത്തിന്റെ പ്രാരംഭവാദമാണ് കോടതിയിൽ പുരോഗമിക്കുന്നത്. തെളിവായ ദൃശ്യങ്ങളൾ ഫോറൻസിക് ലാബോറട്ടറിയിൽ അയച്ച് പരിശോധിക്കാനുള്ള അപേക്ഷ ദീലീപ് ഇന്ന് സമർപ്പിച്ചേക്കും.
കേസിലെ എട്ടാം പ്രതി നടൻ ദിലീപ്, രണ്ടാം പ്രതി മാർട്ടിൻ എന്നിവരുടെ പ്രാഥമിക വാദമാണ് പൂർത്തിയാകാനുള്ളത്. ഇന്ന് വാദം പൂർത്തികരിക്കാനാണ് വിചാരണക്കോടതി നിർദേശിച്ചിരുന്നത്. പ്രോസിക്യൂഷൻ വാദം നേരത്തെ പൂർത്തിയായിരുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതി അനുമതിയോടെ ദിലീപ് അടക്കമുള്ള പ്രതികൾ പരിശോധിച്ചിരുന്നു. ദിലീപിനു പുറമേ പ്രതികളായ സുനിൽ കുമാർ, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സനൽകുമാർ എന്നിവർക്കായിരുന്നു പ്രോസിക്യൂഷൻ സാന്നിധ്യത്തിൽ ദൃശ്യം പരിശോധിക്കാൻ അനുവാദം നൽകിയത്.
പ്രാരംഭ വാദം പൂർത്തിയാക്കാൻ കൂടുതൽ സമയം പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിരാകരിച്ചിരുന്നു. തെളിവായ ദൃശ്യങ്ങളൾ ഫോറൻസിക് ലാബോറട്ടറിയിൽ അയച്ച് പരിശോധിക്കാനുള്ള അപേക്ഷ ദീലീപ് ഇന്ന് സമർപ്പിച്ചേക്കും. ഇത് അന്തിമ വിചാരണ തുടങ്ങാൻ തടസമല്ലെന്നാണ് പ്രോസിക്യൂഷൻ വാദം. ദൃശ്യങ്ങളുടെ ക്ലോൺഡ് പകർപ്പ് പരിശോധനയ്ക്ക് അയാക്കാനാണ് ദീലീപിന് അനുമതിയുള്ളത്. സുപ്രിംകോടതി നിർദേശിച്ചതൊഴികെയുള്ള ഡിജിറ്റൽ രേഖകൾ പരിശോധിക്കണമെന്ന ആവശ്യവും ദീലീപ് ഉന്നയിക്കും. ഇതിനായി കൂടുതൽ സമയം അനുവദിക്കണമെന്നാണ് പ്രതിഭാഗം വാദം. എന്നാൽ, വിചാരണ വൈകിപ്പിക്കാനാണ് പ്രതിഭാഗം ശ്രമമെന്ന് പ്രോസിക്യൂഷൻ നിലപാട്. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രിംകോടതി ഉത്തരവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here