കോതമംഗലം ചെറിയപള്ളി കളക്ടർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി നിർദേശം ജനുവരി 15ന് ശേഷം നടപ്പാക്കും

കോതമംഗലം മാർത്തോമൻ ചെറിയപള്ളി കളക്ടർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി നിർദേശം ജനുവരി 15ന് ശേഷം നടപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം. മണ്ഡലകാലമായതിനാൽ ഇപ്പോൾ വേണ്ടത്ര പൊലീസ് സന്നാഹമില്ല. ശബരിമല ഡ്യൂട്ടിക്കുപോയ പൊലീസുകാർ തിരിച്ചെത്തിയശേഷം നടപടിയാകാമെന്ന് റൂറൽ പൊലീസ് മേധാവി ജില്ലാ കളക്ടറെ അറിയിച്ചു.
കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്രമസമാധാനം ഉറപ്പാക്കിയ ശേഷം ഓർത്തഡോക്സ് വിഭാഗത്തിന് പള്ളി കൈമാറണമെന്നും കോടതിയുടെ വിധിയിലുണ്ട്. സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന ഓർത്തഡോക്സ് വികാരി തോമസ് പോൾ റമ്പാന്റെ ഹർജിയിലായിരുന്നു ഉത്തരവ്.
എന്നാൽ, വിധി വന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സുരക്ഷയൊരുക്കാൻ വേണ്ടത്ര സന്നാഹമില്ലെന്നാണ് പൊലീസ് നിലപാട്. ഇക്കാര്യം റൂറൽ പൊലീസ് മേധാവി കളക്ടറെ അറിയിച്ചിട്ടുണ്ട്. ശബരിമല ഡ്യൂട്ടിക്കുപോയ പൊലീസുകാർ തിരിച്ചെത്തിയശേഷം നടപടിയാകാമെന്നാണു റൂറൽ എസ്പി അറിയിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനകം പള്ളി ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിൽ നിർദേശമില്ല. അതിനാൽ തന്നെ ഏതുസമയത്തും ജില്ലാ കളക്ടർക്ക് നടപടിയെടുക്കാവുന്നതാണ്.
ഉത്തരവ് നടപ്പാക്കുന്നത് നീണ്ടുപോയാൽ കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകാനാണ് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കം. അതിനിടെ കോടതി ഇടപെട്ടാൽ സമയം നീട്ടി ചോദിക്കാനാണു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ആവശ്യമായ പൊലീസ് സേനയെ സ്ഥലത്ത് വിന്യസിക്കണമെന്നും ക്രമസമാധാനം ഉറപ്പാക്കണമെന്നുമുള്ള കോടതി ഉത്തരവ് പാലിക്കേണ്ടതും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.
ഈ സാഹചര്യത്തിലാണ് ശബരിമല മകരവിളക്കിന് ശേഷം പൊലീസുകാർ തിരിച്ചെത്തിയതിന് പിന്നാലെ നടപടിയെടുക്കാനുളള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പള്ളി നിലവിൽ യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. പള്ളി പിടിച്ചെടുക്കാനുള്ള നീക്കം ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായാൽ ശക്തമായ പ്രതിഷേധം തീർക്കാനാണ് യാക്കോബായ വിശ്വാസികളുടെ നീക്കം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here