കോതമംഗലം മാർത്തോമ ചെറിയപള്ളി തർക്കം; കോടതി വിധി നടപ്പാക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി

കോതമംഗലം മാർത്തോമ ചെറിയപള്ളിയിൽ കോടതി വിധി നടപ്പാക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. മുവാറ്റുപുഴ ആർഡിഒ പള്ളിയിലെത്തി താക്കോൽ കൈമാറണമെന്നാണ് ആവശ്യപ്പെട്ട് നോട്ടിസ് പതിപ്പിച്ചു. ജനുവരി 15ന് ശേഷം കോടതി വിധി നടപ്പാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.
കോതമംഗലം സിഐയുടെ നേതൃത്വത്തിൽ പൊലീസ് സംരക്ഷണത്തോടെയാണ് മുവാറ്റുപുഴ ആർഡിഒയും തഹസിൽദാരും അടങ്ങുന്ന റവന്യു അധികൃതർ പള്ളിയിൽ എത്തിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് മുവാറ്റുപുഴ ആർഡിഒ ആർ.റേണു നോട്ടിസ് പതിക്കാൻ എത്തിയതോടെ വിശ്വാസികൾ ഗേയ്റ്റ് പൂട്ടി ശക്തമായ പ്രതിഷേധം ഉയർത്തി. ഇതേതുടർന്ന് പ്രവേശന കവാടത്തിലാണ് നോട്ടിസ് പതിച്ചത്. പള്ളിയിൽ നിന്നിറങ്ങണമെന്നുകാട്ടി യാക്കോബായ വികാരിയും, കമ്മറ്റി അംഗങ്ങളും ഉൾപ്പെടുന്ന 16 പേർക്ക് ജില്ലാ ഭരണകൂടം നോട്ടിസ് നൽകി.
Read Also : കോതമംഗലം ചെറിയപള്ളി കളക്ടർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി നിർദേശം ജനുവരി 15ന് ശേഷം നടപ്പാക്കും
പള്ളിയുടെ താക്കോൽ കൈമാറണമെന്നാണ് നിർദേശം. എന്നാൽ വിവിധ രാഷ്ട്രീയ കക്ഷികളുടെയും മതസംഘടനകളുടെയും നേത്യത്വത്തിൽ യാക്കോബായ വിഭാഗം പ്രതിഷേധം തുടരുകയാണ്. നിലവിൽ യാക്കോബായ സഭയുടെ നിയന്ത്രണത്തിലുള്ള പള്ളി വിട്ടു നൽകില്ലെന്ന നിലപാടിലാണ് വിശ്വാസികൾ. മണ്ഡലകാലമായതിനാൽ ഇപ്പോൾ വേണ്ടത്ര പൊലീസ് സന്നാഹമില്ല. എന്നാൽ ജനുവരി 15ന് ശേഷം കോടതി വിധി നടപ്പാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. ശബരിമല ഡ്യൂട്ടിക്കുപോയ പൊലീസുകാർ തിരിച്ചെത്തിയശേഷം നടപടിയാകാമെന്ന് റൂറൽ പൊലീസ് മേധാവി ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ട്. കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ക്രമസമാധാനം ഉറപ്പാക്കിയ ശേഷം ഓർത്തഡോക്സ് വിഭാഗത്തിന് പള്ളി കൈമാറണമെന്നും കോടതിയുടെ വിധിയിലുണ്ട്.
Story Highlights- Church Dispute
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here