കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: ഇരു മുന്നണികളിലും സ്ഥാനാർഥി നിർണയം സങ്കീർണം

കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം സങ്കീർണമായതോടെ നിലവിലെ ഘടകകക്ഷികളിൽ നിന്ന് സീറ്റ് മാറ്റാനുള്ള ആലോചനയിലാണ് എൽഡിഎഫും യുഡിഎഫും. സ്ഥാനാർഥി നിർണയമടക്കം വലിയ തലവേദന യുഡിഎഫിനാണ്.
ജോസഫ്- ജോസ് പക്ഷങ്ങൾ പ്രഖ്യാപനം വരും മുമ്പേ പോര് തുടങ്ങി. നിർണായകമായ ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി വിജയമാണ് കോൺഗ്രസ് നേതാക്കൾ ആഗ്രഹിക്കുന്നത്. വെള്ളിയാഴ്ച എറണാകുളത്ത് ചേരുന്ന യോഗത്തിൽ ജോസഫ്-ജോസ് വിഭാഗങ്ങളുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തും. ഒരുമിച്ച് പോകാനാകില്ലെങ്കിൽ സീറ്റ് ഏറ്റെടുക്കുന്ന കാര്യം ഇരുവിഭാഗങ്ങളെയും അറിയിക്കും. സീറ്റ് കോൺഗ്രസ് ഏറ്റെടുത്താലും ജോസ് വിഭാഗത്തിന് നൽകേണ്ടതില്ലെന്ന നിലപാടാണ് ജോസഫ് വിഭാഗത്തിനുള്ളത്. എന്നാൽ കുട്ടനാട്ടിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു.
Read Also: പശ്ചിമബംഗാളിന്റെ റിപ്പബ്ലിക്ക് ദിന പരേഡ് ടാബ്ലോയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു
അതേസമയം സ്ഥാനാർത്ഥി ചർച്ചകൾ എൻസിപിയിൽ ആരംഭിച്ച് കഴിഞ്ഞു. തോമസ് ചാണ്ടിയുടെ കുടുംബാംഗങ്ങളിൽ തുടങ്ങി സംസ്ഥാന നേതാക്കൾ വരെ സാധ്യതാ ചർച്ചകളിൽ സജീവമാണ്. എന്നാൽ സീറ്റ് എൻസിപിക്ക് തന്നെ നൽകുമോ എന്ന കാര്യത്തിൽ ഇടത് മുന്നണിയിൽ അന്തിമ തീരുമാനമായിട്ടില്ല.
സീറ്റ് പ്രധാന കക്ഷിയായ സിപിഐഎം ഏറ്റെടുക്കുന്നതിന് പകരം ജനാധിപത്യ കേരളാ കോൺഗ്രസിന് നൽകാനുള്ള ആലോചനകളും ഉയരുന്നുണ്ട്. കുട്ടനാട്ടിലെ മുൻ എംഎൽഎ ഡോ. കെസി ജോസഫാണ് ഇടതുനേതാക്കളുടെ മനസിലുള്ളത്. എന്നാൽ ഈ ആഴ്ച തന്നെ സ്ഥാനാർത്ഥിയെ തീരുമാനിച്ച് മുന്നണി നേതൃത്വത്തെ അറിയിക്കാനാണ് എൻസിപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
kuttanand by election, ldf, udf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here