ആലപ്പുഴയിൽ പേവിഷബാധയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കുട്ടിക്ക് കടിയേറ്റത് തെരുവുനായയിൽ നിന്നെന്ന് കുടുംബം

ആലപ്പുഴയിൽ പേവിഷബാധയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കുട്ടിയ്ക്ക് കടിയേറ്റത് തെരുവുനായയിൽ നിന്നെന്ന് കുടുംബം. വളർത്തുനായ കുട്ടിയെ ആക്രമിച്ചിട്ടില്ലെന്നും തെരുവുനായയാണ് ആക്രമിച്ചതെന്നും കുടുംബം പറഞ്ഞു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും ആരോപണമുണ്ട്.
ആലപ്പുഴ തകഴി സ്വദേശി സൂരജിന് പേവിഷബാധയേറ്റത് വളർത്തു നായയിൽ നിന്നാണെന്ന സംശയം തള്ളുകയാണ് കുടുംബം. സൂരജിന് ബന്ധുവിന്റെ വളർത്തുനായയിൽ നിന്ന് കടിയേറ്റിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. സൂരജിനെ ആക്രമിച്ചത് തെരുവുനായയാണ്. കൂട്ടുകാരോടൊപ്പം ചൂണ്ടയിടുന്നതിനായി പോയപ്പോൾ നായ ആക്രമിച്ചുവെന്ന് സൂരജ് തന്നെ പറഞ്ഞിരുന്നുവെന്നും പിതാവ് ശരത്ത് പറയുന്നു. നായ ആക്രമിച്ച വിവരം ആദ്യം കുടുംബത്തോട് പറഞ്ഞിരുന്നില്ല. പിന്നീട് രോഗ ലക്ഷണങ്ങൾ കണ്ടപ്പോഴാണ് സൂരജ് വിവരം അച്ഛനോട് പറയുന്നത്.
പനിയും ശാരീരിക ബുദ്ധിമുട്ടും മൂലം സൂരജിനെ ആദ്യം എത്തിച്ചത് തകഴിയിലെ സ്വകാര്യ ആശുപത്രിയിലാണ്. രോഗം കുറയാതെ വന്നത്തോടെയാണ് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇതിനിടെ സൂരജ് തന്നെ നായ ആക്രമിച്ച വിവരം അച്ഛനോട് പറയുകയായിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിയായ സൂരജ് വെള്ളിയാഴ്ചയാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
Story Highlights : Student dies of rabies in Kerala’s Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here