ശബരിമല റോപ്പ് വേ; ദേവസ്വം ബോർഡിന്റെ നീക്കത്തിന് തിരിച്ചടി

ശബരിമല റോപ് വേ പദ്ധതി നിലക്കൽ നിന്ന് തുടങ്ങാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കത്തിന് തിരിച്ചടി. പദ്ധതി പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് നീട്ടാനുള്ള ബോർഡ് നിർദ്ദേശം ശബരിമല ഉന്നതാധികാര സമിതി തള്ളി. പദ്ധതിക്ക് കാലതാമസം വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
പമ്പയിൽ നിന്നും സന്നിധാനത്തേക്ക് നിശ്ചയിച്ച റോപ്പ് വേയാണ് ചാലകയത്തേക്ക് കൂടി നീട്ടാൻ ദേവസ്വം ബോർഡ് ആലോചിച്ചത്. പമ്പയിൽ എത്താതെ നിലക്കലിൽ നിന്ന് അട്ടത്തോട് വഴി മാളികപ്പുറത്ത് എത്തുന്ന രീതിയിലായിരുന്നു റൂട്ട്. സാധനങ്ങൾ എളുപ്പത്തിൽ എത്തിച്ച് ഇന്ധനച്ചെലവ് കുറക്കാമെന്നായിരുന്നു ബോർഡിന്റെ കണ്ടെത്തൽ. പമ്പയിൽ നിന്നുള്ള പദ്ധതിക്ക് സർവ്വേ നടത്തി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയ ശേഷമായിരുന്നു ഈ പുനരലോചന. ബോർഡിന്റെ ഈ നിർദ്ദേശമാണ് ഉന്നതാധികാര സമിതി തള്ളിയത്
മുൻ പദ്ധതി പ്രകാരം പമ്പ ഹിൽ ടോപ്പിൽ നിന്ന് തുടങ്ങി സന്നിധാനം വരെ മൂന്ന് കിലോമീർ ദൂരത്തിലാണ് നിർദ്ധിഷ്ട റോപ് വേ. എന്നാൽ റോപ് വേ യുടെ നിർമ്മാണത്തിന് മുന്നോടിയായുള്ള മണ്ണ് പരിശോധനയ്ക്ക് വനം വകുപ്പ് ഇതുവരെ അനുമതി നൽകിയിട്ടില്ല. സർക്കാർ തലത്തിൽ സമ്മർദ്ധം ചെലുത്തി വനം വകുപ്പുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കാമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here