ഉല്ലാസത്തിന്റെ ഡബ്ബിംഗ് മൂന്നു ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ തുടർ ചർച്ചയില്ല; ഷെയ്ൻ നിഗമിനെതിരെ കടുത്ത നിലപാടുമായി നിർമാതാക്കൾ

ഷെയ്ൻ നിഗവുമായി ചർച്ച നടത്തണമെങ്കിൽ ‘ഉല്ലാസം’ എന്ന ചിത്രത്തിൻ്റെ ഡബ്ബിംഗ് മൂന്നു ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് നിർമ്മാതാക്കൾ. ഡബ്ബിംഗ് ജോലികൾ ബാക്കി നിൽക്കുന്ന ചിത്രത്തിൻ്റെ ഡബ്ബിംഗ് മൂന്നു ദിവസത്തിനുള്ളിൽ ഷെയ്‌ൻ പൂർത്തിയാക്കിയില്ലെങ്കിൽ വിലക്കുമായി ബന്ധപ്പെട്ട തുടർ ചർച്ച ഉണ്ടാവില്ലെന്നാണ് നിർമ്മാതാക്കൾ ഷെയ്‌നെ അറിയിച്ചിരിക്കുന്നത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ നിർവാഹക സമിതി യോഗത്തിൽ വെച്ചാണ് നിർമ്മാതാക്കൾ പുതിയ തീരുമാനം കൈക്കൊണ്ടത്. വിവരം അറിയിച്ച് നേരത്തെ ഷെയ്ന് കത്തു നൽകിയിരുന്നെങ്കിലും താരം മറുപടി നൽകിയില്ലെന്ന് നിർമ്മാതാക്കൾ ആരോപിക്കുന്നു. ഇതേതുടർന്നാണ് പുതിയ നിർദ്ദേശവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയത്. പുതിയ നിർദ്ദേശം പാലിക്കാത്ത പക്ഷം വിലക്ക് സംബന്ധിച്ച ചർച്ചകൾ നടത്തില്ലെന്നാണ് അസോസിയേഷൻ്റെ തീരുമാനം. ഇക്കാര്യം താരസംഘടനയെ അറിയിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.
അതേ സമയം, ഉല്ലാസം സിനിമയുമായി നിലനിൽക്കുന്ന പ്രതിഫലത്തർക്കം പരിഹരിച്ചാൽ മാത്രമേ ഡബ്ബിംഗിൽ സഹകരിക്കൂ എന്നാണ് ഷെയ്ൻ്റെ നിലപാടെന്ന് റിപ്പോർട്ടുകളുണ്ട്. ഈ മാസം 9നു ചേരുന്ന താരസംഘടനയുടെ എക്സിക്യൂട്ടിവ് യോഗത്തിൽ വിഷയം ചർച്ച ചെയ്തേക്കുമെന്നാണ് ഷെയ്ൻ്റെ പ്രതീക്ഷ.
വെയിലിന് വേണ്ടി നീട്ടി വളർത്തിയ മുടി മുറിച്ചതിന്റെ പേരിൽ ജോബി ജോർജ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഷെയ്ൻ നിഗം ഇൻസ്റ്റഗ്രാമിൽ ലൈവിൽ വന്നതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. അബിയുടെ മകനായതുകൊണ്ടാണ് തനിക്ക് ഇത് അനുഭവിക്കേണ്ടിവന്നതെന്നും ഷെയ്ൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ജോബി ജോർജ് ഷെയ്‌നെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പും പുറത്തുവന്നിരുന്നു.
വിവാദം കൊഴുത്തതോടെ വിശദീകരണവുമായി ജോബി ജോർജ് വാർത്താസമ്മേളനം നടത്തി. ഷെയ്ൻ നിഗം എഎംഎംഎയ്ക്കും ജോബി ജോർജ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പരാതി നൽകി. തുടർന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും എഎംഎംഎയുടെയും നേതൃത്വത്തിൽ ചർച്ച നടന്നു. വെയിലുമായി സഹകരിക്കാമെന്ന് ഷെയ്ൻ വാക്ക് നൽകിയിരുന്നു. ഇത് ഷെയ്ൻ ലംഘിച്ചെന്നാണ് ആരോപണം.
Story Highlights: Shane Nigam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here