പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 18കാരനെ കൊലപ്പെടുത്തി; ആറു പേർ അറസ്റ്റിൽ

ബീഹാറിൽ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത യുവാവിനെ കൊലപ്പെടുത്തിയ ആറു പേർ അറസ്റ്റിൽ. ഫുല്‍വാരി ഷരീഫ് എന്ന പ്രദേശത്തെ ബാഗ് സ്റ്റിച്ചിങ്ങ് യൂണിറ്റിലെ ജീവനക്കാരനായ അമീര്‍ ഹൻസ്‌ല (18) എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് ഹിന്ദു സംഘടനാ അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
ഡിസംബർ 31നാണ് അമീറിൻ്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. ഡിസംബർ 21ന് ആർജെഡിയുടെ നേതൃത്വത്തിൽ ഫുല്‍വാരി ഷരീഫിൽ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടന്നിരുന്നു. ഇക്കൂട്ടത്തിൽ അമീറും പങ്കെടുത്തിരുന്നു. ജനക്കൂട്ടത്തെ പൊലീസ് പിരിച്ചു വിട്ടതോടെ അമീറും പിരിഞ്ഞു പോയി. എന്നാൽ സംഗത്ത് ഗാലി പ്രദേശത്തെ ചില യുവാക്കൾ ചേർന്ന് അമീറിനെ തടഞ്ഞു വെച്ചു. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു.
10 ദിവസങ്ങൾക്കു ശേഷം അമീറിൻ്റെ മൃതദേഹം അഴുകിയ നിലയിൽ പൊലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഹിന്ദു പുത്ര സംഗതന്‍ അംഗമായ നാഗേഷ് സാമ്രാട്ട്, ഹിന്ദു സമാജ് സംഗതന്‍ അംഗമായ വികാസ് കുമാര്‍, ദീപക് മഹ്തോ, ഛോട്ടു മഹ്തോ, സനോജ് മഹ്തോ, ധെൽവ, റെയ്സ് പാസ്വാൻ എന്നിവരാണ് അറസ്റ്റിലായത്.
കൊലപാതകം നടത്തിയത് ഇഷ്ടിക പോലുള്ള വസ്തുക്കൾ ഉപയോഗിച്ചാണെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തലക്ക് ഗുരുതര പരുക്കേറ്റിരുന്നെന്നും ശരീരത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. വയറിൽ രക്തം കെട്ടി കിടന്നിരുന്നുവെന്നും ആന്തരിക രക്തസ്രാവം സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Story Highlights: CAA, NRC, Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here