പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; യുപി സർക്കാരിന്റെ നോട്ടീസ് ലഭിച്ചവരുടെ കൂട്ടത്തിൽ ആറ് വർഷം മുമ്പ് മരിച്ച ആളും

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് ഉത്തർപ്രദേശ് പൊലീസ് നോട്ടീസ് അയച്ചിരുന്നു. ഇത്തരത്തിൽ ഒരു നോട്ടീസ് ചെന്നെത്തിയത് ആറ് വർഷം മുൻപ് മരിച്ച ഒരാളുടെ പേരിലാണ്. ആറു വർഷം മുമ്പ് 94ാം വയസിൽ മരിച്ച ബന്നെ ഖാനാണ് ഫിറോസാബാദ് പൊലീസ് നോട്ടീസയച്ചിരിക്കുന്നത്.
ഇത് കൂടാതെ 90 ഉം 93 വയസുള്ള രണ്ട് പേർക്കും യുപി പൊലീസ് നോട്ടീസയച്ചിട്ടുണ്ട്. ഇതിൽ 93 വയസുള്ള ഫസ്ഹത്ത് ഖാൻ മാസങ്ങളായി കിടപ്പിലാണ്. ന്യുമോണിയ ബാധിച്ച് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞെത്തിയ സൂഫി അൻസാർ ഹുസൈനാണ് നോട്ടീസ് ലഭിച്ച മറ്റൊരാൾ. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകണമെന്നും 10 ലക്ഷം രൂപ ജാമ്യ തുകയായി കെട്ടിവയ്ക്കണമെന്നുമാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന നോട്ടീസിൽ പറയുന്നത്.
അക്രമസംഭവങ്ങൾക്ക് ശേഷം ഫിറോസാബാദ് പൊലീസ് 200 പേർക്കാണ് നോട്ടീസ് അയച്ചത്. പ്രതിഷേധക്കാർക്കെതിരെ പ്രതികാര നടപടിയുണ്ടാകുമെന്നുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്ക് തൊട്ട് പിന്നാലെയായിരുന്നു നോട്ടീസ് നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here