കുഴല്‍പണ സംഘത്തെ ആക്രമിച്ച് 60 ലക്ഷം രൂപയും കാറും കവര്‍ന്ന കേസില്‍ പത്തംഗ സംഘം പിടിയില്‍

പാലക്കാട് മണലി ബൈപാസില്‍ കുഴല്‍പണ സംഘത്തെ ആക്രമിച്ച് 60 ലക്ഷം രൂപയും കാറും കവര്‍ന്ന കേസില്‍ പത്തംഗ സംഘത്തെ പൊലീസ് പിടികൂടി. മോഷണത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ ആലപ്പുഴയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ 20ന് രാവിലെ ആറിനാണ് മണലി ബൈപാസിലെ പെട്രോള്‍ പമ്പിന് സമീപം ആഡംബര കാറും 60 ലക്ഷം രൂപയും പത്തംഗ സംഘം കവര്‍ന്നത്.
കോയമ്പത്തൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പണവുമായി പോവുകയായിരുന്ന കാറിനെ പ്രതികള്‍ മറ്റൊരു കാറില്‍ പിന്തുടരുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. കാറിലുണ്ടായിരുന്ന രണ്ട് പേരെ മര്‍ദിച്ച് ഇറക്കിവിട്ട സംഘം വാഹനവുമായി ആലപ്പുഴയിലേയ്ക്ക് കടന്നു. മര്‍ദനമേറ്റ പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശികളായ മുഹമ്മദ് ബഷീര്‍, കൂട്ടാളി നാസര്‍ എന്നിവര്‍ പാലക്കാട് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ബിസിനസ് ആവശ്യത്തിനാണ് പണം കൊണ്ടുവന്നതെന്നായിരുന്നു. ഇവര്‍ പൊലീസിനോട് പറഞ്ഞത്. മോഷ്ടാക്കള്‍ കവര്‍ന്ന കാറും മോഷണത്തിനായി എത്തിയ രണ്ട് കാറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മുഖം മൂടി ധരിച്ചായിരുന്നു ഇവര്‍ കവര്‍ച്ച നടത്തിയത്. പിടിയിലായവരും പരാതിക്കാരും കുഴല്‍ പണ സംഘത്തില്‍പ്പെട്ടവാരണെന്നാണ് പൊലീസ് പറയുന്നത്.തുകയുടെ ഉറവിടം സംബന്ധിച്ചും ഇവര്‍ക്ക് പിന്നില്‍ മറ്റ് സംഘങ്ങളുണ്ടോയെന്നും അന്വേഷിച്ചുവരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here