11 മണിക്കു ശേഷം ടിആർപി റേറ്റിംഗ് കുറയും; ഐപിഎൽ മത്സരങ്ങൾ നേരത്തെയാക്കണമെന്ന് സ്റ്റാർ സ്പോർട്സ്

വരും സീസണിലെ ഐപിഎൽ മത്സരങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന് ലീഗ് സംപ്രേക്ഷണാവകാശമുള്ള സ്റ്റാർ സ്പോർട്സ്. കഴിഞ്ഞ സീസണുകളിൽ 8 മണിക്ക് നടത്തിയിരുന്ന മത്സരങ്ങൾ ഈ സീസൺ മുതൽ 7 മണിക്കോ 7.30നോ ആരംഭിക്കണമെന്നാണ് സ്റ്റാർ സ്പോർട്സിൻ്റെ അഭ്യർത്ഥന. രാത്രി 11 മണിക്കു ശേഷം ടിആർപ്പി റേറ്റിംഗ് കുറയുമെന്ന കാരണമാണ് സ്റ്റാർ സ്പോർട്സ് മുന്നോട്ടു വെക്കുന്നത്.
എന്നാൽ, ഈ നിർദ്ദേശം ഐപിഎൽ ഫ്രാഞ്ചസികൾ അംഗീകരിച്ചിട്ടില്ല. ജോലിക്ക് പോയി മടങ്ങി വരുന്ന ആളുകൾ സ്റ്റേഡിയത്തിലെത്താൻ രാത്രി 8 മണിക്ക് തന്നെ കളി നടത്തേണ്ടതുണ്ടെന്നാണ് ഫ്രാഞ്ചസികൾ പറയുന്നത്. അതിനു മുൻപ് കളി നടത്തിയാൽ സ്റ്റേഡിയത്തിലെത്തുന്നവരുടെ എണ്ണം കുറയുമെന്നും അത് വരുമാനത്തെ ബാധിക്കുമെന്നും ഫ്രാഞ്ചസികൾ പറയുന്നു. വിഷയത്തിൽ ബിസിസിഐയുടെ നിലപാടും നിർണ്ണായകമാവും.
അതേ സമയം, ഐപിഎൽ മത്സരങ്ങൾ എന്ന് തുടങ്ങുമെന്ന് ഔദ്യോഗികമായ അറിയിപ്പ് ഇതുവരെ പുറത്തു വന്നിട്ടില്ല. മാർച്ച് 21ന് ഈ സീസൺ ആരംഭിച്ചേക്കുമെന്ന ചില റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും അക്കാര്യത്തിൽ ഔദ്യോഗിക ഉറപ്പൊന്നും ലഭിച്ചിട്ടില്ല. അതും വരും ദിവസങ്ങളിൽ ബിസിസിഐ അറിയിച്ചേക്കും.
Story Highlights: IPL, Star Sports
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here