നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; വിടുതല്‍ ഹര്‍ജി കോടതി തള്ളി

നടിയെ അക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് എട്ടാം പ്രതി ദിലീപും പത്താം പ്രതി വിഷ്ണുവും വിടുതല്‍ ഹര്‍ജി നല്‍കിയത്. തനിക്കെതിരെ വിചാരണയ്ക്ക് ആവശ്യമായ തെളിവുകളില്ലെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ കോടതി ഇത് പൂര്‍ണമായി തള്ളിക്കളഞ്ഞു.
പ്രാഥമികമായി പോലും ഇത്തരത്തിലൊരു അപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണയ്ക്ക് പര്യാപ്തമായ തെളിവുകള്‍ ഉണ്ടെന്നും കോടതി അറിയിച്ചു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദിലീപ് കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കിയത്.
നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ദിലീപ് ഹര്‍ജി നല്‍കിയത്. അതിനാല്‍ തന്നെ അടച്ചിട്ട മുറിയിലാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ആറ് മാസത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. വിചാരണ പരമാവധി നീട്ടുക എന്നതായിരുന്നു വിടുതല്‍ ഹര്‍ജിക്ക് പിന്നിലെ ലക്ഷ്യം. എന്നാല്‍ സുപ്രിംകോടതി നിര്‍ദേശമുള്ളതിനാല്‍ വിചാരണ കോടതിക്ക് കേസ് വച്ച്താമസിപ്പിക്കാനാവില്ല. ഇത് വിചാരണകോടതി പ്രത്യേകം എടുത്തുപറയുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here