രഞ്ജി ട്രോഫി: കേരളം തകർന്നു; 164നു പുറത്ത്

ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം 164നു പുറത്ത്. മുഹമ്മദ് സിറാജും രവി കിരണും ഹൈദരാബദിനായി നാലു വിക്കറ്റുകൾ വീഴ്ത്തി. 37 റൺസെടുത്ത സൽമാൻ നിസാറാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. അക്ഷയ് ചന്ദ്രൻ (31*), സച്ചിൻ ബേബി (21) എന്നിവരാണ് മറ്റു സ്കോറർമാർ.
മഴ പെയ്ത് മൂടിയിരുന്ന പിച്ചിൽ ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം ചോദ്യം ചെയ്യപ്പെടുന്ന തരത്തിലായിരുന്നു ആദ്യ ഇന്നിംഗ്സിൽ കേരളത്തിൻ്റെ ബാറ്റിംഗ്. സ്കോർ ബോർഡിൽ 12 റൺസ് ആയപ്പോഴേക്കും രാഹുലിനെ നഷ്ടമായി. രവി കിരണിൻ്റെ പന്തിൽ സുമന്ത് കൊല്ല പിടിച്ചു പുറത്തവുമ്പോൾ രാഹുൽ അക്കൗണ്ട് തുറന്നിട്ടുണ്ടായിരുന്നില്ല. സഞ്ജുവിനു പകരം ടീമിലെത്തിയ രോഹൻ പ്രേം ആണ് തുടർന്ന് ക്രീസിലെത്തിയത്. നാലു റൺസ് കൂടി സ്കോർ ബോർഡിലേക്ക് ചേർക്കുമ്പോഴേക്കും സക്സേനയും പുറത്തയി. 10 റൺസെടുത്ത സക്സേനയെ മുഹമ്മദ് സിറാജിൻ്റെ പന്തിൽ ജാവീദ് അലി പിടികൂടി.
രോഹൻ പ്രേമിനെ ക്ലീൻ ബൗൾഡാക്കിയ രവി കിരൺ ഇന്നിംഗ്സിലെ രണ്ടാം വിക്കറ്റ് കുറിച്ചു. റണ്ണൊന്നുമെടുക്കാതെയാണ് പ്രേം പുറത്തായത്. ഏറെ വൈകാതെ രവി തേജയുടെ പന്തിൽ വിക്കറ്റ് കീപ്പർ കൊല്ല സുമന്തിനു പിടി നൽകി റോബിൻ ഉത്തപ്പയും (9) പുറത്തായതോടെ കേരളം വലിയ ഒരു തകർച്ച മുന്നിൽ കണ്ടു. അഞ്ചാം വിക്കറ്റിൽ വിഷ്ണു വിനോദും സച്ചിൻ ബേബിയും ചേർന്ന കൂട്ടുകെട്ട് പ്രതീക്ഷ നൽകിയെങ്കിലും 38 റൺസിൻ്റെ പാർട്ണർഷിപ്പിനു ശേഷം അത് തകർന്നു. വിഷ്ണു വിനോദിനെ (19) വിക്കറ്റിനു മുന്നിൽ കുരുക്കിയ മുഹമ്മദ് സിറാജാണ് വീണ്ടും കേരളത്തിൻ്റെ പ്രതീക്ഷയെ തകർത്തത്.
ആറാം വിക്കറ്റിലാണ് ഇന്നിംഗ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുണ്ടായത്. സച്ചിൻ ബേബിയും സൽമാൻ നിസാറും ചേർന്ന കൂട്ടുകെട്ട് ബൗളർമാർക്ക് അവസരം നൽകാതെ ബാറ്റ് വീശി. സൽമാൻ ആക്രമിച്ചു കളിച്ചപ്പോൾ സച്ചിൻ സൽമാന് പിന്തുണ നൽകി. ഇരുവരും ചേർന്ന് വിലപ്പെട്ട 54 റൺസാണ് സ്കോർബോർഡിലേക്ക് കൂട്ടിച്ചേർത്തത്. 29 റൺസെടുത്ത സച്ചിനെ സാകേത് സായ്റാമിൻ്റെ പന്തിൽ മുഹമ്മദ് സിറാജ് പിടികൂടിയതോടെ ഈ രക്ഷാപ്രവർത്തനം അവസാനിച്ചു. തൊട്ടു പിന്നാലെ, കേരളത്തിൻ്റെ ടോപ്പ് സ്കോറർ സൽമാൻ നിസാറിനെ രവി കിരൺ സുമന്തിൻ്റെ കൈകളിലെത്തിച്ചു.
വാലറ്റത്തെ കൂട്ടുപിടിച്ച് അക്ഷയ് ചന്ദ്രൻ നടത്തിയ രക്ഷാപ്രവർത്തനമാണ് കേരളാ ഇന്നിംഗ്സ് 150 കടത്തിയത്. ബേസിൽ തമ്പിയെ (5) രവി കിരണിൻ്റെ പന്തിൽ ഹിമാലയ് അഗർവാൾ പിടികൂടിയപ്പോൾ സന്ദീപ് വാര്യർ (2), കെഎം ആസിഫ് (1) എന്നിവരെ സിറാജ് വിക്കറ്റിനു മുന്നിൽ കുരുക്കി. 31 റൺസെടുത്ത അക്ഷയ് ചന്ദ്രൻ പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് റൺസെടുത്തിട്ടുണ്ട്. ഇന്നിംഗ്സിൻ്റെ ആദ്യ ഓവറിൽ അക്ഷത് റെഡ്ഡിയെ (0) സന്ദീപ് വാര്യർ വിഷ്ണു വിനോദിൻ്റെ കൈകളിലെത്തിച്ചപ്പോൾ ക്യാപ്റ്റൻ തന്മയ് അഗർവാളിനെ (2) ഇന്നിംഗ്സിൻ്റെ രണ്ടാം ഓവറിൽ ബേസിൽ തമ്പി വിക്കറ്റിനു മുന്നിൽ കുരുക്കി.
Story Highlights: Ranji Trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here