ഷെയ്ൻ നിഗവുമായി ഇനി ചർച്ചക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ഷെയ്ൻ നിഗവുമായി ഇനി ചർച്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാൻ ഷെയ്ൻ എത്തിയിട്ടില്ല. ഷെയ്നുമായുള്ള നിസഹകരണം തുടരാനാണ് അസോസിയേഷന്റെ തീരുമാനം. അതേസമയം ഷെയ്ൻ വിഷയം 9ന് നടക്കുന്ന അമ്മ എക്സിക്യുട്ടീവ് യോഗം ചർച്ച ചെയ്യും.
കഴിഞ്ഞ മാസം 19ാം തീയതി ചേർന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ജനുവരി അഞ്ചിനകം പൂർത്തിയാക്കാൻ ഷെയ്ൻ നിഗമിന് കത്തയച്ചത്. എന്നാൽ കത്തിന് ഷെയ്ൻ മറുപടി നൽകുകയോ ഡബ്ബിംഗ് പൂർത്തിയാക്കുകയോ ചെയ്തിട്ടില്ല. ഷെയ്നിന്റെത് മാന്യതയില്ലാത്ത നടപടിയാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
ഷെയ്നുമായുള്ള നിസഹകരണം തുടരാനാണ് അസോസിയേഷന്റെ തീരുമാനം. ഉല്ലാസം സിനിമയുടെ മുഴുവൻ തുകയും ഷെയിൻ കൈപ്പറ്റിയതാണെന്നും നിർമ്മാതാക്കൾ പറഞ്ഞു. അതേസമയം ഷെയ്ൻ വിഷയത്തിൽ 9ന് നടക്കുന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തിൽ തീരുമാനമെടുക്കുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു 24 നോട് പറഞ്ഞു.
എന്നാൽ വിഷയം അമ്മയുടെ പരിഗണനയിലാണെന്നും കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നുമാണ് ഷെയിന്റെ നിലപാട്.
Story Highlights: Shane Nigam, AMMA, Producers Association
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here