ഇറാൻ പിന്തുണയുള്ള പൗരസേനക്കെതിരെ അമേരിക്കൻ ആക്രമണം

ബാഗ്ദാദിൽ ഇറാന്റെ പിന്തുണയുള്ള പൗരസേനയ്‌ക്കെതിരെ അമേരിക്കൻ ആക്രമണം. പൗരസേനയുടെ ആറ് പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. നാല് പേർക്ക് പരുക്കേറ്റു. ഇറാന്റെ ഉന്നത സൈനിക ജനറൽ ഖാസിം സൊലൈമാനി കൊല്ലപ്പെട്ട് 24 മണിക്കൂറിനുള്ളിലാണ് അമേരിക്കയുടെ രണ്ടാമത്തെ ആക്രമണം.
വടക്കൻ ബാഗ്ദാദിലെ ടാജി റോഡിലാണ് യുഎസ് ആക്രമണമുണ്ടായതെന്ന് ഇറാഖ് സ്ഥിരീകരിച്ചു. രണ്ട് കാറുകൾ ആക്രമണത്തിൽ തകർന്നു. പുലർച്ചെ 1.15 ഓടെയായിരുന്നു അമേരിക്കയുടെ ആക്രമണം. പൗരസേനയിലെ മുതിർന്ന കമാൻഡറെ ലക്ഷ്യമിട്ടാണ് അമേരിക്ക വ്യോമാക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
അതേസമയം, 5000 അമേരിക്കൻ സൈനികരാണ് ഇപ്പോൾ ഇറാഖിലുള്ളത്. മേഖലയിൽ മൂവായിരം പേരെ കൂടി വിന്യസിക്കാൻ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ഖാസിം സൊലൈമാനിയെ വധിച്ചത് യുദ്ധം തുടങ്ങാനല്ല, മറിച്ച് അവസാനിപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അമേരിക്കൻ പൗരന്മാരുടെ സുരക്ഷ മുൻനിർത്തി സമാധാനത്തിന് വേണ്ടി നടത്തിയ ആക്രമണമെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here