മഞ്ഞള്‍ തേച്ചാല്‍ അമിത രോമവളര്‍ച്ച തടയാന്‍ സാധിക്കുമോ? ; ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് ഇങ്ങനെ..

മഞ്ഞള്‍ അരച്ച് തേച്ചാല്‍ അമിത രോമവളര്‍ച്ച തടയാന്‍ സാധിക്കുമെന്നാണ് വിശ്വാസം. പൊതുവേ സ്ത്രീകളാണ് അമിത രോമവളര്‍ച്ച തടയാന്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത്. രോമ വളര്‍ച്ച തടയാനും രോമം കൊഴിയുന്നത് ദ്രുതഗതിയില്‍ ആക്കാനും സഹായിക്കുമെന്ന വിശ്വാസത്തിലാണ് മഞ്ഞള്‍ രോമവളര്‍ച്ചയുടെ ഒറ്റമൂലിയായി ഉപയോഗിക്കുന്നത്. എന്നാല്‍ മഞ്ഞളിന് രോമവളര്‍ച്ച തടയാന്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

മഞ്ഞള്‍ ഉപയോഗവും രോമ വളര്‍ച്ചയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കോയമ്പത്തൂര്‍ പിഎസ്ജി ആശുപത്രിയില്‍ ത്വക്‌രോഗവിഭാഗത്തില്‍ ഡോ. ജാസ്മിന്‍ ഷാഫ്രാതൂലും സംഘവും നടത്തിയ പഠനത്തില്‍ മഞ്ഞള്‍ രോമവളര്‍ച്ച തടയാന്‍ സഹായിക്കുമോ എന്ന ചോദ്യത്തിന് ശാസ്ത്രീയ മറുപടിയുണ്ട്. ഇന്ത്യന്‍ ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഈ ഗവേഷണം 73 സ്ത്രീകളെ പങ്കെടുപ്പിച്ചാണ് നടത്തിയത്. ഇതില്‍ മഞ്ഞള്‍ സ്ഥിരമായി ഉപയോഗിക്കുന്ന 35 സ്ത്രീകളെ കേസ്ഗ്രൂപ്പ് ആയും, മഞ്ഞള്‍ ഉപയോഗിക്കാത്ത 38 പേരെ കണ്ട്രോള്‍ഗ്രൂപ്പ് ആയും തരംതിരിച്ചു.

മഞ്ഞള്‍ സ്ഥിരമായി ഉപയോഗിക്കുന്ന 35 പേരില്‍ 24 (68.5 ശതമാനം) പേരിലും അമിത രോമവളര്‍ച്ചയുണ്ടായിരുന്നു. മഞ്ഞള്‍ ഉപയോഗിക്കാത്ത 38 പേരില്‍ 17 (44.7 ശതമാനം) പേരില്‍ മാത്രമാണ് പക്ഷേ അമിത രോമവളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്. മഞ്ഞള്‍ അഞ്ച് വര്‍ഷത്തില്‍ അധികമായി സ്ഥിരമായി തേച്ചുപയോഗിക്കുന്നവരായിരുന്നു 35-യില്‍ 27 പേരും. അവരില്‍ 18 പേര്‍ക്കും, അമിതമായ അധിക രോമവളര്‍ച്ച, ഹൈപ്പര്‍ട്രൈക്കോസിസ് എന്നിവ രേഖപ്പെടുത്തി എന്നാണ് പഠനം.

മഞ്ഞള്‍ മുടിയിലും ത്വക്കിലും ഒരു പോലെ മഞ്ഞക്കറ പിടിപ്പിക്കുമെന്നതിനാല്‍, മഞ്ഞ പ്രതലത്തില്‍ രോമങ്ങള്‍ കാണാന്‍ ബുദ്ധിമുട്ടാകും. ഇതാണ് രോമവളര്‍ച്ച കുറഞ്ഞുവെന്ന് തെറ്റിധരിക്കാന്‍ കാരണം.
ഇത് സ്ഥിരീകരിക്കാന്‍ ഗവേഷകര്‍ മഞ്ഞളില്‍ മുക്കിയതും മുക്കാത്തതുമായ തലമുടി നാരുകള്‍ മഞ്ഞ പ്രതലത്തില്‍ വച്ച് മഞ്ഞളില്‍ മുക്കിയ തലമുടി നാര് കാണാന്‍ കൂടുതല്‍ ബുദ്ധിമുട്ട് ആണെന്ന് കാണിക്കുകയും ചെയ്തിരുന്നു. മഞ്ഞള്‍ തേച്ചു പിടിപ്പിക്കുന്നത് അമിത രോമവളര്‍ച്ച തടയാന്‍ മാത്രമല്ല, മുഖക്കുരു തടയാനും ഒരു പ്രയോജനവും ചെയ്യില്ലായെന്നു ഈ പഠനത്തിനൊപ്പം ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

Story Highlights-  turmeric, hair growthനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More