നെടുങ്കണ്ടം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും തുടര്‍നടപടികള്‍ ഇഴയുന്നു
ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തി പ്രഖ്യാപനമുണ്ടായെങ്കിലും തുടര്‍ നടപടികള്‍ ഇഴയുന്നതായി പരാതി. ആശുപത്രി നിര്‍മാണത്തിന്റെ പേരില്‍ ഒപിയും ഫാര്‍മസിയും മോര്‍ച്ചറിയുമടക്കമുള്ളവ ഒഴിപ്പിച്ചിട്ട് പത്ത് മാസം കഴിഞ്ഞിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ദുരിതത്തിലായ നാട്ടുകാര്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനൊരുങ്ങുകയാണ്.
ചെറുതോണിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജായതോടെയാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിക്കായി പുതിയ കെട്ടിട സമുച്ചയം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ 150 കോടി അനുവദിച്ചിരുന്നു. ഇതില്‍ 70 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍ നടത്താനും നിര്‍മാണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് 80 കോടി രൂപയുടെ ആശുപത്രി ഉപകരണങ്ങള്‍ വാങ്ങാനുമായിരുന്നു തീരുമാനം.
നിലവിലുള്ള ഒപി ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കാരുണ്യ ഫാര്‍മസി, കാന്റീന്‍ എന്നിവ ഉള്‍പ്പെടുന്ന രണ്ടു കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചുമാറ്റി അവിടെ ഒപി ബ്ലോക്ക്, ഓപ്പറേഷന്‍ തിയറ്റര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയം നിര്‍മിക്കാനായിരുന്നു പദ്ധതി. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതിരുന്നതുമൂലം ഈ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ആരംഭിച്ചില്ല. പിന്നീട് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് ഒന്നേകാല്‍ ലക്ഷം രൂപ അനുവദിച്ചെങ്കിലും കരാറെടുത്തയാള്‍ പണി തുടങ്ങിയിട്ടില്ല.
പണികള്‍ തുടങ്ങണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍. ആശുപത്രിയുടെ ലാബ്, ഓപ്പറേഷന്‍ തിയറ്റര്‍, പേ വാര്‍ഡ് എന്നിവയിലെ ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത നിലയിലുമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here