ഐപിഎൽ: വൈകിട്ടത്തെ മത്സരങ്ങൾ ഉപേക്ഷിക്കണമെന്ന് സ്റ്റാർ സ്പോർട്സ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ വൈകിട്ട് നാലു മണിക്ക് തുടങ്ങുന്ന മത്സരങ്ങൾ ഉപേക്ഷിക്കണമെന്ന് സ്റ്റാർ സ്പോർട്സ്. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളിലെ വൈകിട്ടുള്ള മത്സരങ്ങൾ ഉപേക്ഷിക്കണമെന്നാണ് സ്റ്റാർ സ്പോർട്സിൻ്റെ അഭ്യർത്ഥന. ദിവസേന ഒരു മത്സരം മാത്രം മതിയെന്നാണ് സ്റ്റാർ സ്പോർട്സിൻ്റെ നിലപാട്. ടിആർപി റേറ്റിംഗിനെ ബാധിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്റ്റാർ സ്പോർട്സിൻ്റെ അഭ്യർത്ഥന.
ഒരു ദിവസം രണ്ട് മത്സരങ്ങൾ നടത്തുന്നത് ബിസിനസിനെ ബാധിക്കുമെന്ന സ്റ്റാർ സ്പോർട്സിൻ്റെ വാദത്തോട് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. രണ്ട് മത്സരങ്ങൾ ഒഴിവാക്കി ഒരു ദിവസം ഒരു മത്സരം മാത്രമാക്കിയാൽ അത് ടൂർണമെൻ്റിൻ്റെ സമയക്രമത്തെ ബാധിക്കുന്നതു കൊണ്ട് ബിസിസിഐ ഈ നിർദ്ദേശം തള്ളിയേക്കും. മാത്രമല്ല, ഇങ്ങനെ വരുമ്പോൾ ടൂർണമെൻ്റിൻ്റെ ദൈർഘ്യം വർധിക്കുന്നതു കൊണ്ട് തന്നെ വിദേശ താരങ്ങളുടെ ലഭ്യതയെയും ബാധിച്ചേക്കും. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ സ്റ്റാർ സ്പോർട്സിനു തിരിച്ചടി നേരിട്ടേക്കാം.
നേരത്തെ എട്ടു മണിക്ക് തുടങ്ങുന്ന മത്സരങ്ങൾ നേരത്തെയാക്കണമെന്നും സ്റ്റാർ സ്പോർട്സ് ആവശ്യപ്പെട്ടിരുന്നു. ഏഴിനോ ഏഴരക്കോ മത്സരങ്ങൾ ആരംഭിക്കണമെന്നായിരുന്നു സ്റ്റാർ സ്പോർട്സിൻ്റെ ആവശ്യം. രാത്രി 11 മണിക്കു ശേഷം ടിആർപ്പി റേറ്റിംഗ് കുറയുമെന്ന കാരണമാണ് സ്റ്റാർ സ്പോർട്സ് മുന്നോട്ടു വെച്ചത്. ഈ നിർദ്ദേശം ഫ്രാഞ്ചസികൾ നേരത്തെ തള്ളിയിരുന്നു.
Story Highlights: Star Sports, IPL, BCCI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here