വീണ്ടും ഓവറിൽ ആറ് സിക്സറുകൾ; റെക്കോർഡ് ഇട്ടത് കിവീസ് താരം: വീഡിയോ

ക്രിക്കറ്റ് പിച്ചിൽ വീണ്ടും ഒരു ഓവറിൽ ആറ് സിക്സറുകൾ. ന്യൂസിലൻഡ് താരം ലിയോ കാർട്ടർ ആണ് ക്രിക്കറ്റിലെ അപൂർവ റെക്കോർഡ് നേട്ടം ഏറ്റവും അവസാനമായി സ്വന്തം പേരിൽ കുറിച്ചത്. ന്യൂസിലൻഡിലെ ടി-20 ലീഗായ സൂപ്പർ സ്മാഷിലായിരുന്നു സംഭവം. കാന്റെർബറിയും, നോർത്തേൺ ഡിസ്ട്രിക്ട്സും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് ഓവറിലെ ആറു പന്തുകളും ഗ്യാലരിയിൽ നിക്ഷേപിച്ച് ലിയോ റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്.
കാന്റർബറിയുടെ താരമായ ലിയോ നോർത്തേൺ താരം ആന്റൺ ഡെവ്സിച്ചിന്റെ ഓവറിലാണ് ബീസ്റ്റ് മോഡിലേക്ക് മാറിയത്. പതിനാറാം ഓവറിൽ പന്തെറിയാനെത്തിയ ഇടം കയ്യൻ സ്പിന്നർ ഡെവ്സിച്ചിൻ്റെ ആദ്യ പന്ത് പുൾ ഷോട്ടിലൂടെ ഡീപ് സ്ക്വയർ ലെഗ് കാണികളിൽ എത്തിച്ചു. ഓഫ് സ്റ്റമ്പിനു പുറത്തെത്ത് ഹൈ ഫുൾ ടോസായി എത്തിയ രണ്ടാം പന്ത് ഡീപ് മിഡ്‌വിക്കറ്റിലൂടെ ഗ്യാലറിയിലേക്ക്. വീണ്ടും ഓഫ് സ്റ്റമ്പിനു പുറത്ത് ഹിറ്റിംഗ് ആർക്കിൽ മൂന്നാം ബോൾ. പന്ത് ഡീപ് മിഡ്‌വിക്കറ്റിലൂടെയുള്ള പ്രയാണം ആവർത്തിച്ചു. നാലാം പന്തിൽ ഡെവ്സിച്ച് റൗണ്ട് ദ് വിക്കറ്റിൽ നിന്ന് ഓവർ ദ് വിക്കറ്റിലേക്ക് സ്വിച്ച് ചെയ്തു. പക്ഷേ, റിസൽട്ട് മാറിയില്ല. പുൾ ഷോൾട്ട്+ദീപ് സ്ക്വയർ ലെഗ്. വീണ്ടും റൗണ്ട് ദ് വിക്കറ്റിലേക്ക്. ഓഫ് സ്റ്റമ്പിനു പുറത്ത് ഫുൾ ടോസ്. ലോംഗ് ഓണിലൂടെ സിക്സർ. ലെഗ് സ്റ്റമ്പ് ലൈനിൽ ഹിറ്റിംഗ് ആർക്കിൽ വന്ന അവസാന പന്ത് ഒരു വിപ് ഷോട്ടിലൂടെ ഡീപ് സ്ക്വയർ ലെഗിലേക്ക് പറത്തിയ കാർട്ടർ റെക്കോർഡ് ബുക്കിൽ.
മത്സരത്തിൽ 220 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യമാണ് നോർത്തേൺ ഡിസ്ട്രികസ് ഉയർത്തിയത്. അത് 29 പന്തുകളിൽ നിന്ന് 70 റൺസ് നേടിയ കാർട്ടറുടെ മികവിൽ അവർ അനായാസം മറികടന്നു. ഒരു ഓവറിൽ ആറു സിക്സർ നേടുന്ന ഏഴാമത്തെ താരമാണ് കർട്ടർ. ഗാരി സോബേഴ്സ്, രവി ശാസ്ത്രി, ഹെർഷൽ ഗിബ്സ്, യുവരാജ് സിംഗ്, റോസ് വൈറ്റ്ലി, ഹസ്രത്തുള്ള സസായ് എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടംസ്വന്തമാക്കിയിട്ടുള്ളത്. ഇതിൽ യുവരാജും ഗിബ്സുമാണ് രാജ്യാന്തര ക്രിക്കറ്റിൽ ഈ നേട്ടം കുറിച്ചത്. അതിൽ തന്നെ യുവരാജിൻ്റെ ആറു സിക്സ് ഇംഗ്ലണ്ടിൻ്റെ സ്റ്റുവർട്ട് ബ്രോഡിനെതിരെ ആയിരുന്നു. ഗിബ്സ് ഈ നേട്ടം സ്വന്തമാക്കിയത് നെതർലൻഡിനെതിരെ ആയിരുന്നു.
Story Highlights: Cricket, Leo Carter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here