പൗരത്വ നിയമ ഭേദഗതി: കേന്ദ്ര സർക്കാരിന്റെ ബോളിവുഡ് അത്താഴ വിരുന്നിൽ പങ്കെടുത്തവർ ആരൊക്കെ?

പൗരത്വ നിയമ ഭേദഗതിയിൽ ബോളിവുഡ് താരങ്ങളുടെ പിന്തുണ തേടി കേന്ദ്ര സർക്കാർ ഇന്നലെ അത്താഴവിരുന്നൊരുക്കിയിരുന്നു. കേന്ദ്ര മന്ത്രി പീയുഷ് ഗോയലാണ് വിരുന്നിന് ആതിഥേയനായത്. നിയമ ഭേദഗതിക്കെതിരെ വലിയ രീതിയിൽ പ്രക്ഷോഭം തുടരുന്നതിനിടയിലായിരുന്നു വിരുന്ന്. എന്നാൽ അത്താഴവിരുന്നിൽ പങ്കെടുത്തവർ ആരൊക്കെയാണ്? വളരെക്കുറച്ച് പേർ മാത്രമാണ് വിരുന്നിൽ പങ്കെടുത്തിട്ടുള്ളു എന്നാണ് റിപ്പോർട്ടുകൾ.
Read Also: പൗരത്വ നിയമ ഭേദഗതി: ബോളിവുഡ് താരങ്ങളുടെ പിന്തുണക്കായി കേന്ദ്രസർക്കാരിന്റെ വക വിരുന്ന്
സമൂഹ മാധ്യമങ്ങളിലെയും ഹോട്ടലിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകരുടെയും റിപ്പോർട്ടുകൾ പ്രകാരം വിരുന്നിനെത്തിയവർ നടി ഉർവശി റുത്തേല, നടൻ രൺവീർ ഷോരെ, പാട്ടുകാരായ ഷാൻ, കൈലാഷ് ഘേർ, നിർമാതാക്കളായ ഭൂഷൺ കുമാർ, റിതേഷ് സിദ്വാനി, എഴുത്തുകാരനും സിബിഎഫ്‌സി ചെയർമാനുമായ പ്രസൂൻ ജോഷി, സംവിധായകരായ കുനാൽ കോലി, അനിൽ ശർമ, രാഹുൽ രവ്വാൽ, പരസ്യ സംവിധായകനായ പ്രഹ്ലാദ് കക്കർ എന്നിവരാണ്.
കരൺ ജോഹർ, ഫർഹാൻ അക്തർ, സിദ്ധാർത്ഥ് റോയ് കപൂർ തുടങ്ങിയ പ്രമുഖരെ ക്ഷണിച്ചെങ്കിലും ആരും പങ്കെടുത്തിട്ടില്ല. മുംബൈ ഗ്രാൻഡ് ഹയാത്തിൽ രാത്രി എട്ടിനായിരുന്നു വിരുന്ന്. റെയിൽവേ മന്ത്രി പീയുഷ് ഗോയലിന്റെയും ബിജെപി ദേശീയ ഉപാധ്യക്ഷൻ ബൈജയന്ത് ജയ് പണ്ഡയുടെയും പേരിലുള്ള ക്ഷണക്കത്താണ് താരങ്ങൾക്ക് ലഭിച്ചത്.
ബോളിവുഡിലെ പ്രശസ്തരുടെ സാനിധ്യം വിരുന്നിൽ തീരെ ഇല്ലായിരുന്നു, വിഷയത്തിൽ ബോളിവുഡിന്റെ സഹായം തേടാനുള്ള സർക്കാർ ശ്രമം ഇതിലൂടെ പാളിയിരിക്കുകയാണ്. നേരത്തെ ബോളിവുഡിലെ നിരവധി പ്രമുഖർ നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു.
bollywood, citizenship amendment act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here