ബിഡിജെഎസിലെ തമ്മിലടി; സുഭാഷ് വാസുവിനെ ഈ മാസം 13ന് പാർട്ടിയിൽ നിന്നും പുറത്താക്കും

ബിഡിജെഎസിലെ തമ്മിലടിയിൽ സുഭാഷ് വാസു പുറത്തേക്ക്. സുഭാഷ് വാസുവിനെ ഈ മാസം 13ന് പാർട്ടിയിൽ നിന്നും പുറത്താക്കും. പാർട്ടിയേയും, പാർട്ടി നേതാക്കളേയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാർത്താസമ്മേളനം നടത്തിയതിന്റെ പേരിൽ വിശദീകരണം ചോദിക്കാതെ സുഭാഷ് വാസുവിനെ പുറത്താക്കാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റേയും ജില്ലാ കമ്മറ്റികളുടേയും അഭിപ്രായം.
14 ജില്ലാ കമ്മിറ്റികളിൽ നിന്നാണ് സുഭാഷ് വാസുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്. ഈ മാസം 12ന് സുഭാഷ് വാസുവിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിന്റെ കാലാവധി കഴിയും. തൊട്ടടുത്ത ദിവസം ബിഡിജെഎസ് സംസ്ഥാന കൗൺസിലും ചേരുന്നുണ്ട്. ഇതിൽ സുഭാഷ് വാസുവിനെ പുറത്താക്കാനാണ് ഇപ്പോഴത്തെ തീരുമാനം. രാജി വയ്ക്കില്ലെന്ന് സുഭാഷ് വാസു വ്യക്തമാക്കിയതിനു പിന്നാലെ തുറന്ന പോരിലേക്ക് നീങ്ങുകയും കാര്യങ്ങൾ പുറത്താക്കലിലേക്ക് കലാശിക്കുകയുമാണ്.
അതേസമയം, 16ന് സുഭാഷ് വാസു പത്രസമ്മേളനം വിളിച്ചിരിക്കെ ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിനെ പ്രതിരോധിക്കാൻ ബിഡിജെഎസ് നേതൃത്വവും തയാറെടുപ്പിലാണ്. ചില ബിജെപി നേതാക്കളുടെ പിന്തുണ സുഭാഷ് വാസുവിന് ലഭിക്കുന്നുണ്ടെന്ന് ബിഡിജെഎസ് നേതൃത്വം സംശയിക്കുന്നുണ്ട്. പ്രശ്‌നങ്ങൾ ഒതുങ്ങുന്നതിന് പിന്നാലെ ഇവർക്കെതിരെ അമിത്ഷാക്ക് പരാതി നൽകാനാണ് ബിഡിജെഎസിന്റെ തീരുമാനം.
Story highlight: Subash vasu, BDJS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here