പിച്ചുണക്കാൻ ഹെയർ ഡ്രയറും സ്റ്റീം അയണും: ഗുഹാവത്തി സ്റ്റേഡിയത്തിലെ ‘നൂതന വിദ്യകൾ’

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി-20 മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരത്തിൻ്റെ ടോസിനു ശേഷം വളരെ പെട്ടെന്ന് പെയ്ത മഴയിലാണ് കളി കുളമായത്. മഴ മാറിയിട്ടും ഉണങ്ങാൻ മടി കാണിച്ച പിച്ചും കൂടി പണി തന്നതോടെ ആരാധകർക്ക് നിരാശരാകേണ്ടി വന്നു.
പിച്ചുണക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയ ഗ്രൗണ്ട് സ്റ്റാഫ് കയ്യിൽ കിട്ടിയതൊക്കെയും അതിനായി ഉപയോഗിച്ചു. ഹെയർ ഡ്രയറും സ്റ്റീം അയണും സഹിതമുള്ള സംവിധാനങ്ങളാണ് ഗ്രൗണ്ട് സ്റ്റാഫ് ഉപയോഗിച്ചത്. പിച്ചുണക്കാൻ ഹെലികോപ്റ്റർ വരെ ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യകൾക്കിടയിൽ ഗുവാഹത്തി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിൻ്റെ ഈ പുതിയ രീതിയെ ആരാധകരും ട്രോളി രംഗത്തു വന്നു.
ട്വിറ്ററിലൂടെയാണ് ആരാധകർ ഗ്രൗണ്ട് സ്റ്റാഫിൻ്റെ ശോചനീയാവസ്ഥയെ പരിഹസിച്ചത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും ശക്തരും സമ്പന്നരുമായ ക്രിക്കറ്റ് ബോർഡിന് പിച്ചുണക്കാൻ മികച്ച സംവിധാനങ്ങൾ ഒരുക്കാൻ കഴിയില്ലേ എന്നാണ് ആരാധകരുടെ ചോദ്യം.
മത്സരത്തിൽ ഒരു പന്തു പോലും എറിയാൻ സാധിച്ചിരുന്നില്ല. പുതിയ വർഷത്തെ ഇന്ത്യയുടെ ആദ്യ പരമ്പരയായിരുന്നു ശ്രീലങ്കക്കെതിരെ നടന്നത്. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ആദ്യ മത്സരത്തിൽ സഞ്ജു പ്ലെയിംഗ് ഇലവനിൽ ഉണ്ടായിരുന്നില്ല.
Story Highlights: Guwahati, T-20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here