ഇറാൻ സൈനികമേധാവി ജനറൽ ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും

യുഎസിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനികമേധാവി ജനറൽ ഖാസിം സുലൈമാനിയുടെ സംസ്‌കാരം ഇന്ന് നടക്കും. ജന്മദേശമായ കിർമാനിലാണ് സംസ്‌കാരം നടക്കുക.
അതേസമയം, ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ടെഹ്‌റാനിൽ നടന്ന സുലൈമാനിയുടെ മൃതദേഹം വഹിച്ച വിലാപ യാത്രയിൽ പങ്കെടുക്കാൻ കറുത്ത വസ്ത്രങ്ങണിഞ്ഞ് അമേരിക്കൻ വിരുദ്ധ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയ പ്ലാക്കാർഡുകളുമായി പതിനായിരങ്ങളാണ് എത്തിയത്.
ഇന്ന് കിർമാനിലെ സംസ്‌കാര ചടങ്ങിൽ ഇറാൻറെ പ്രധാന നേതാക്കളെല്ലാം പങ്കെടുക്കും. സർക്കാർ പ്രഖ്യാപിച്ച ദുഖാചരണം ഇറാനിൽ തുടരുകയാണ്. ഇതിനിടെ ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന വാർത്തകൾ തള്ളി അമേരിക്കൻ പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. സൈന്യത്തെ പിൻവലിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് കാണിച്ച് ഇറാഖിലെ അമേരിക്കൻ സൈനിക മേധാവി കത്ത് നൽകിയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. സൈന്യം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട ഇറാക്കിനെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ട്രംപും വ്യക്തമാക്കി.
യുഎസ് സൈന്യത്തെ പുറത്താക്കണമെന്ന് ഞായറാഴ്ച ഇറാക്ക് പാർലമെന്റ് ആവശ്യപ്പെട്ടിരുന്നു. ഇറേനിയൻ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതാണ് ഇറാക്കിനെ പ്രകോപിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here