Advertisement

ടീമിലെ സ്ഥാനം ആരുടെയും കുത്തകയല്ല; ഹർദ്ദിക് പാണ്ഡ്യ അത് നേടിയെടുക്കണമെന്ന് ഗംഭീർ

January 7, 2020
2 minutes Read

ഇന്ത്യൻ ടീമിലെ സ്ഥാനം ആരുടെയും കുത്തകയല്ലെന്ന് മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിൽ പാണ്ഡ്യ തിരിച്ചെത്തിയേക്കുമെന്ന വാർത്തകളോട് പ്രതികരിക്കുന്നതിനിടെയാണ് ഗംഭീർ നിലപാട് വ്യക്തമാക്കിയത്. ശ്രീലങ്കക്കെതിരായ ആദ്യ ടി-20യോടനുബന്ധിച്ച് നടത്തിയ ചർച്ചയിലായിരുന്നു താരത്തിൻ്റെ പ്രതികരണം.

വിരാട് കോലിയെപ്പോലെയോ രോഹിത് ശർമ്മയെപ്പോലെയോ എപ്പോൾ വേണമെങ്കിലും ടീമിലെത്താനുള്ള സൗകര്യം ഹർദ്ദിക് പാണ്ഡ്യക്ക് നൽകരുതെന്നാണ് ഗംഭീർ അഭിപ്രായപ്പെട്ടത്. ചർച്ചയിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു മുൻ താരം വിവിഎസ് ലക്ഷ്മണും ഇക്കാര്യത്തിൽ ഗംഭീറിനെ പിന്തുണച്ചു.

“ടീമിലെ സ്ഥാനം കുത്തകയല്ല. ഹര്‍ദ്ദിക് പാണ്ഡ്യ അത് നേടിയെടുക്കണം. ഹര്‍ദ്ദിക് വരുന്നതിൻ്റെ പേരിൽ ശിവം ദൂബെയെ പോലുള്ള യുവതാരങ്ങളെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുക. ഇന്ത്യന്‍ ടീമിലെ ഓള്‍റൗണ്ടര്‍ പദവി പാണ്ഡ്യയുടെ കുത്തകയായി മാറരുത്.”- ഗംഭീർ അഭിപ്രായപ്പെട്ടു. 2019 ലോകകപ്പിൽ ഇന്ത്യക്കായി നാലാം നമ്പറിൽ കളിച്ച ഓൾറൗണ്ടർ വിജയ് ശങ്കറെ പെട്ടെന്ന് ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ലെന്ന് ലക്ഷ്മണും അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സെപ്തംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടി-20 മത്സരത്തിലാണ് പാണ്ഡ്യ അവസാനമായി കളിച്ചത്. അതിനു ശേഷം പരുക്കു പറ്റി പാണ്ഡ്യ പുറത്തായിരുന്നു. ഈ മാസം 24നാണ് ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം ആരംഭിക്കുന്നത്. അഞ്ച് ടി-20 മത്സരങ്ങളും, 3 ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ ന്യൂസിലൻഡിൽ കളിക്കും. ഏകദിന, ടി-20 ടീമിൽ ഇടം, പിടിച്ചാലും ടെസ്റ്റ് ടീമിൽ പാണ്ഡ്യ ഉൾപ്പെട്ടേക്കില്ലെന്നും മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു.

Story Highlights: VVS Laxman, Gautam Gambhir, Hardik Pandya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top