അമേരിക്കൻ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാൻ

അമേരിക്കൻ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാൻ. ഇന്ന് ചേർന്ന പാർലമെന്റ് സമ്മേളനമാണ് ഇതുസംബന്ധിച്ച ബില്ല് പാസാക്കിയത്. അമേരിക്ക നടത്തിയ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സേനാ കമാൻഡർ ജനറൽ ഖാസിം സുലൈമാനിയുടെ കബറടക്കം നടക്കാനിരിക്കെയാണ് യുഎസ് സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഇറാന്റെ പ്രഖ്യാപനം.
യുഎസ് പ്രതിരോധ വിഭാഗമായ പെന്റഗണിനെയും ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ന് ചേർന്ന ഇറാൻ പാർലമെന്റ് സമ്മേളനമാണ് ഇതുസംബന്ധിച്ച ബില്ല് പാസാക്കിയത്. നേരത്തെ യുഎൻ രക്ഷാസമിതി യോഗത്തിൽ ഇറാന് അമേരിക്ക വിസ നിഷേധിച്ചിരുന്നു. ഇതോടെ വ്യാഴാഴ്ച ന്യൂയോർക്കിൽ നടക്കുന്ന രക്ഷാസമിതി യോഗത്തിൽ വിസ ലഭിക്കാത്തതിനാൽ ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവേദ് സരിഫിന് യോഗത്തിൽ പങ്കെടുക്കാനാകില്ല.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തലയ്ക്ക് ഇറാനിൽ കഴിഞ്ഞ ദിവസം 576 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സുലൈമാനിയുടെ അന്ത്യയാത്രയുടെ തത്സമയ സംപ്രേഷണത്തിനിടെ ഔദ്യോഗിക ടിവി ചാനലിലാണ് ഇതുസംബന്ധിച്ച ആഹ്വാനമുയർന്നത്. കഴിഞ്ഞ വർഷം ഇറാൻ സൈന്യമായ റവല്യൂഷണറി ഗാർഡ്‌സിനെ അമേരിക്ക ഭീകരസംഘമായി പ്രഖ്യാപിച്ചിരുന്നു. ആദ്യമായിട്ടായിരുന്നു ഒരു വിദേശരാജ്യത്തിന്റെ സൈനികവിഭാഗത്തെ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചത്. ഇറാനുമേൽ യുഎസ് ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ഈ നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here