ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജിച്ചു ; നരേന്ദ്ര മോദി

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി ഇങ്ങനെ പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനും കുടുംബത്തിനും പുതുവത്സരാശംസകള്‍ നേരാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ സംഭാഷണം നടത്തിയത്. വിശ്വാസം, പരസ്പര ബഹുമാനം, ധാരണ എന്നിവയില്‍ അധിഷ്ഠിതമായ ഇന്ത്യ-യുഎസ് ബന്ധം ശക്തിയില്‍ നിന്ന് ശക്തിയിലേയ്ക്ക് വളര്‍ന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രസിഡന്റ് ട്രംപിനും കുടുംബത്തിനും അമേരിക്കയിലെ ജനങ്ങള്‍ക്കും നല്ല ആരോഗ്യവും സമൃദ്ധിയും വിജയവും ഉണ്ടായിരിക്കട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വര്‍ധിപ്പിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം കൈവരിച്ച സുപ്രധാന പുരോഗതി സംഭാഷണത്തില്‍ പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. പരസ്പര താത്പര്യത്തിന്റെ എല്ലാ മേഖലകളിലും സഹകരണം വര്‍ധിപ്പിക്കുന്നതിന് പ്രസിഡന്റ് ട്രംപുമായി തുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം പ്രധാനമന്ത്രി പ്രകടിപ്പിച്ചെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ-യുഎസ് ബന്ധത്തിലെ നേട്ടങ്ങളില്‍ ട്രംപ് സംതൃപ്തി പ്രകടിപ്പിച്ചു. ഉഭയകക്ഷി സഹകരണം കൂടുതല്‍ ആഴത്തിലാക്കാനുള്ള സന്നദ്ധത ട്രംപ് ആവര്‍ത്തിച്ചെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. പുതുവര്‍ഷത്തില്‍ ഇന്ത്യയിലെ ജനങ്ങളുടെ അഭിവൃദ്ധിക്കും പുരോഗതിക്കും ട്രംപ് ആശംസകള്‍ നേര്‍ന്നു. ഇറാന്‍-യുഎസ് പോരിനിടെ മധ്യപൂര്‍വ ദേശത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കെയാണ് നരേന്ദ്ര മോദിയും ഡൊണള്‍ഡ് ട്രംപും തമ്മിലുള്ള ഫോണ്‍ സംഭാഷണം. സ്ഥിതി ഗുരുതരമാകാതിരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നും സംയമനം വേണമെന്നുമുള്ള നിലപാടാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടേത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here