പൊതുപണിമുടക്ക്; കൊച്ചി മെട്രോ തടസമില്ലാതെ പ്രവര്‍ത്തിക്കും

പൊതുപണിമുടക്ക് ദിവസമായ നാളെ മെട്രോ സര്‍വീസുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് കൊച്ചി മെട്രോ അധികൃതര്‍. മെട്രോ തൊഴിലാളികള്‍ സംഘടന രൂപീകരിച്ചെങ്കിലും പണി മുടക്കിന് ആഹ്വാനം ചെയ്തിട്ടില്ല. മറ്റ് ഗതാഗത സംവിധാനങ്ങള്‍ മുടങ്ങുന്ന സാഹചര്യത്തില്‍ മെട്രോ സര്‍വീസുകള്‍ നടത്തുന്നത് യാത്രക്കാര്‍ക്ക് ഗുണകരമാകും.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്നു അര്‍ധരാത്രി തുടങ്ങും. സംസ്ഥാനത്ത് 19 തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. കടകമ്പോളങ്ങളേയും വാഹന ഗതാഗതത്തേയും പണിമുടക്ക് ബാധിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ റദ്ദ് ചെയ്ത് പുതിയ കോഡുകള്‍ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെയാണ് പണിമുടക്ക്. ഇത് ട്രേഡ് യൂണിയന്‍ രൂപീകരണം പോലും അസാധ്യമാക്കുന്നതാണെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ പറഞ്ഞു. പൊതുമേഖലാ കമ്പനികള്‍ വില്‍ക്കാനും നീക്കം നടക്കുന്നു. ഇതിനെതിരെ പ്രക്ഷോഭത്തിനിറങ്ങുന്നവരെ ഭിന്നിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഈ സാഹചര്യത്തില്‍ ദേശീയ പണിമുടക്ക് ചരിത്ര വിജയമാകുമെന്നാണ് സമരസമിതിയുടെ നിലപാട്. കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഗ്രാമീണ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
മാളുകളില്‍ ജോലി ചെയ്യുന്നവരും പണിമുടക്കില്‍ പങ്കെടുക്കും. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയും വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തുകയും ചെയ്യുമ്പോള്‍ സംസ്ഥാനം നിശ്ചലമാകും. വിമാനത്താവള തൊഴിലാളികളും തുറമുഖ തൊഴിലാളികളും പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവരും പണിമുടക്കില്‍ പങ്കെടുക്കും.
അവശ്യ സര്‍വീസുകളേയും ആശുപത്രി, ടൂറിസം മേഖല എന്നിവയേയും പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിനു പോകുന്ന വാഹനങ്ങളെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here