ഇറാന്റെ പ്രതികാരം; നയതന്ത്രത്തിന്റെ വഴിയില്‍ ട്രംപ്

ഇറാന്റെ പ്രതികാരത്തിനെതിരെ നയതന്ത്രത്തിന്റെ വഴിയിലൂടെ ട്രംപ്. ഒരു സൈനികന്‍ പോലും മരിച്ചിട്ടില്ലെന്നും ഒരു അമേരിക്കക്കാരനും പരുക്കേല്‍ക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ട്രംപിന്റെ വിഷയത്തിലുള്ള പ്രതികരണം. ഇറാനെതിരെ ശക്തമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തും. ഇറാനെ ഒരിക്കലും ആണവ ശക്തിയാകാന്‍ അനുവദിക്കില്ല. ലോകത്തെ കൂടുതല്‍ സമാധാനമുള്ള ഇടമാക്കി മാറ്റേണ്ടതുണ്ടെന്നും ട്രംപ് പറയുന്നു.
ശക്തനും പ്രിയപ്പെട്ടവനുമായ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന പ്രതിജ്ഞ പാലിക്കാതെ മറ്റുവഴി ഉണ്ടായിരുന്നില്ല ഇറാന്. അത്രയ്ക്ക് തീവ്രവും വൈകാരികവുമായിരുന്നു സുലൈമാനിയുടെ അന്ത്യയാത്ര. ഇറാഖിലെ അമേരിക്കന്‍ വ്യോമകേന്ദ്രങ്ങളിലേക്ക് മിസൈല്‍ അയച്ചെങ്കിലും ഒരു തുറന്ന യുദ്ധം ഇപ്പോഴും ഇറാന്‍ ആഗ്രഹിക്കുന്നില്ല.
നവംബറിലെ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന ട്രംപിന്, ഇറാന്‍ വിഷയം തുറുപ്പുചീട്ടാക്കാമെന്ന ചിന്തയുണ്ട്. സെനറ്റില്‍ ഇംപീച്ച്‌മെന്റ് വിചാരണ നേരിടാന്‍ പോവുന്ന ട്രംപിന് ആ നാണക്കേടില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടണം. സദ്ദാം ഹുസൈനെതിരെ പട നയിച്ച് ജോര്‍ജ് ഡബ്ല്യു ബുഷ് പ്രസിഡന്റ് സ്ഥാനത്ത് ഇരിപ്പുറപ്പിച്ച കഥ ട്രംപിന് നന്നായറിയാം. എല്ലാം ശുഭമെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും സ്വന്തം രാജ്യത്ത് എല്ലാം അത്ര ശുഭകരമല്ലാ എന്നതാണ് യാഥാര്‍ത്ഥ്യം.
ട്രംപിന് ഇറാന്‍ ഒരേസമയം സുവര്‍ണാവസരവും വെല്ലുവിളിയുമാണ്. ജനറല്‍ സുലൈമാനിയെ വധിച്ച് ഇറാനുമായി യുദ്ധത്തിന്റെ കരിനിഴല്‍ ഉണ്ടാക്കിയത് ട്രംപാണെന്ന ആക്ഷേപം ഡെമോക്രാറ്റുകള്‍ ഉന്നയിച്ചുകഴിഞ്ഞു.
ഇറാഖിന്റെ കൈവശം രാസായുധം ഉണ്ടെന്ന് വ്യാജ ആരോപണം നടത്തിയാണ് അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ല്യു ബുഷ് സദ്ദാം ഹുസൈനെ ആക്രമിച്ചത്. ഡെമോക്രാറ്റുകള്‍ ഈ ആക്രമണത്തെ വിമര്‍ശിച്ചിരുന്നു. ബുഷിന്റെ ആരോപണം തെറ്റായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. സദ്ദാം ഹുസൈനെ വീഴ്ത്തിയതിനു ശേഷമുള്ള ഇറാഖിലെ അരാജകത്വം അമേരിക്കയ്ക്ക് ഇപ്പോഴും തലവേദനയാണ്.
പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന മുന്‍കൂര്‍ ജാമ്യത്തോടെ ഇറാന്‍ സംയമനം പാലിക്കാന്‍ ശ്രമിക്കുന്നത്. അമേരിക്കയും ഇറാനുമായും ഒരുപോലെ ബന്ധമുള്ള ഇന്ത്യ ത്രിശങ്കുവിലാണ്. ആരെ തുണയ്ക്കും, ആരെ തള്ളും എന്നത് പ്രശ്‌നമാണ്. മധ്യപൂര്‍വ ഏഷ്യയിലും പശ്ചിമ ഏഷ്യയിലുമായി ഒരു കോടിയിലേറെ ഇന്ത്യക്കാര്‍ ഉണ്ട്. അതില്‍ നാലിലൊന്ന് മലയാളികളാണ്.
സദ്ദാം ഹുസൈന്‍ കുവൈറ്റ് ആക്രമിച്ചപ്പോഴും പതിനായിരക്കണക്കിന് മലയാളികള്‍ക്ക് നാട്ടിലേക്ക് ഓടിവരേണ്ടിവന്നിരുന്നു. അന്ന് സൗദിയിലേക്കും ഇസ്രയേലിലേക്കും സ്‌കഡ് മിസൈലുകളാണ് സദ്ദാം ഹുസൈന്‍ തൊടുത്തുവിട്ടത്. രണ്ട് ദിവസംകൊണ്ട് കുവൈറ്റ് കീഴടക്കിയ സദ്ദാം, 600 എണ്ണക്കിണറുകള്‍ക്ക് തീയിട്ടാണ് അന്ന് പിന്‍വാങ്ങിയത്. ഇത്തവണ യുദ്ധ സമാനമായ ഭീതിയുടെ ആവശ്യമില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here