Advertisement

ആർട്ടിക് ധ്രുവത്തിലേക്ക് ഗീതു; സഫലമാകുന്നത് നീണ്ട നാളുകളായുള്ള സ്വപ്നം…

January 8, 2020
2 minutes Read

ലോകത്തിലെ ഏറ്റവും സാഹസികവും അപകടമേറിയതുമായ യാത്രകളിൽ ഒന്നാണ് പോളാർ എക്‌സ്പഡിഷൻ (ധ്രുവ പര്യടനം). സ്വീഡിഷ് കമ്പനിയായ ഫിയാൽ റാവൻ വർഷം തോറും ഉത്തര ധ്രുവ ആർട്ടിക് യാത്രക്ക് ഓൺലൈൻ വോട്ടെടുപ്പിലൂടെ യാത്രികരെ തെരഞ്ഞടുക്കാറുണ്ട്. ഫിയാൽ റാവന്റെ ധ്രുവ യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ വനിതയെന്ന നേട്ടത്തിലെത്തിയിരിക്കുകയാണ് മലയാളിയായ ഗീതു. ‘ലെറ്റ്സ് ഗോ ഫോർ എ ക്യാമ്പ്’ എന്ന ട്രാവൽ സ്റ്റാർട്ട് അപ്പ് കമ്പനിയുടെ ഉടമയാണ് ഇവർ. ബംഗളൂരുവിലെ ഒരു കമ്പനിയിൽ ഹാർഡ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്നു. ആർട്ടിക് ധ്രുവത്തിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് ട്വന്റിഫോർന്യൂസ് ഡോട്ട് കോമിനോട് ഗീതു മനസ് തുറക്കുന്നു.

ഫിയാൽ റവാൻ

വിന്റർ എക്‌സ്പിഡിഷന് വേണ്ട ഉപകരണങ്ങൾ തയാറാക്കുന്ന ലോകോത്തര കമ്പനിയായ ഫിയാൽ റാവൻ ലോകത്തെ പത്ത് സോൺ ആക്കി തിരിച്ച ശേഷം ഓരോ സോണിൽ നിന്നും രണ്ട് പേരെ വീതം ധ്രുവ യാത്രയ്ക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യാറ്. ഒരാളെ ജൂറിയും ഒരാളെ വോട്ടിംഗിലൂടെയും തെരഞ്ഞെടുക്കും. വർഷം തോറും കമ്പനി ഇത്തരത്തിൽ യാത്ര സംഘടിപ്പിക്കാറുണ്ട്. മൈനസ് 30 ഡിഗ്രി സെൽഷ്യസ് തണുപ്പിൽ 300 കിലോമീറ്ററാണ് യാത്ര.

മുമ്പ് നടത്തിയ യാത്രകൾ ഇതിൽ പരിഗണിക്കില്ല. മത്സരത്തിൽ ആർക്ക് വേണമെങ്കിലും പങ്കെടുക്കാം. എത്ര കഠിനമായ കാലാവസ്ഥയിലും വസ്ത്രങ്ങളും മനക്കരുത്തുമുണ്ടെങ്കിൽ അതിജീവിക്കാം സന്ദേശമാണ് യാത്ര നൽകുന്നത്.

ഏറെ നാളത്തെ സ്വപ്നം

ആർട്ടിക് യാത്ര കുട്ടിക്കാലം മുതലുള്ള സ്വപ്‌നമാണ്. വളരെ ചെലവേറിയതാണെന്ന് അറിഞ്ഞിരുന്നു. നോർത്തേൺ ലൈറ്റ്‌സ് ഒക്കെ കാണണമെന്ന് ആഗ്രഹം തുടങ്ങിയിട്ട് നാളുകളേറെയായി. അപ്പോഴാണ് മൂന്ന് വർഷം മുൻപ് മലയാളിയായ നിയോഗ് ഫിയാൽ റാവൻ വഴി ആർട്ടിക്കിലേക്ക് സൗജന്യ യാത്ര പോയ വിവരമറിഞ്ഞത്. എല്ലാ നവംബറിലും അപേക്ഷിക്കാവുന്നതാണെന്നും കേട്ടു. വീഡിയോയും ഫോട്ടോകളും അപ്‌ലോഡ് ചെയ്യണം, കൂടാതെ അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും വേണം. എന്തുകൊണ്ട് പോളാർ യാത്രക്ക് അപേക്ഷിച്ചു?, യാത്രയുടെ ഭാഗമായാൽ എന്താണ് ചെയ്യാൻ സാധിക്കുക? എന്നീ ചോദ്യങ്ങളാണുണ്ടായിരുന്നത്.

സ്വപ്‌നം സാക്ഷാത്കരിച്ച ഉത്തരം

ഭൂമിയെ താൻ കാണുന്ന രീതിയിൽ തന്നെ വരും തലമുറയും കാണണമെന്ന് ആഗ്രഹമുണ്ടെന്നാണ് ഉത്തരം നൽകിയത്. പ്രകൃതിയുമായി ബന്ധപ്പെടുത്തിയാണ് യാത്രകളൊക്കെ ചെയ്യാറ്. ആഗോള താപനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ധ്രുവങ്ങളെയാണ്. നമ്മളൊക്കെ അതിന്റെ ഭാഗമാണെന്ന് ആളുകൾക്ക് അവബോധമില്ല. ആ സന്ദേശം പ്രചരിപ്പിക്കണം എന്നും ഉത്തരം നൽകി. കൂടാതെ ഇന്ത്യയിൽ നിന്നൊരു വനിത മത്സരത്തിൽ പങ്കെടുക്കുന്നത് ആദ്യമായാണെന്നതും എടുത്ത് പറഞ്ഞു.

വോട്ടിംഗും വിദ്വേഷ പ്രചാരണവും

വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും വോട്ടിംഗിൽ ജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. യാത്രാ മേഖലയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച കാര്യങ്ങളല്ല മത്സരം തുടങ്ങിയപ്പോൾ കണ്ടത്. വോട്ടെടുപ്പിൽ പങ്കെടുക്കുന്നവർ തന്നെ പരസ്പരം വിദ്വേഷ പ്രചാരണത്തിന് ഇറങ്ങി തിരിച്ചു. ആദ്യം മൂന്നാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉണ്ടായിരുന്നവർക്കാണെങ്കിൽ രണ്ട് ലക്ഷത്തിലധികം വോട്ടും ഉണ്ടായിരുന്നു. അവസാന ദിനങ്ങളിൽ റിസൾട്ട് പിടിച്ച് വെക്കുകയാണുണ്ടായത്. പ്രതീക്ഷ അപ്പോഴും ഉണ്ടായിരുന്നില്ല. അന്തിമ ഫലം വന്നപ്പോൾ സന്തോഷമായി.

കൊടും തണുപ്പിലെ അനുഭവങ്ങൾ കൂട്ടിനുണ്ട്

മുന്നൂറ് കിലോ മീറ്റർ, മൈനസ് മുപ്പത് ഡിഗ്രി തണുപ്പിൽ സഞ്ചരിക്കാൻ ആശങ്കകളേതുമില്ല. ലഡാക്കിൽ മൈനസ് ഇരുപത്- മുപ്പത് ഡിഗ്രി തണുപ്പിൽ ട്രക്കിംഗ് ചെയ്തതിന്റെ അനുഭവം കൂട്ടിനുണ്ട്. ആ യാത്രയിൽ പത്ത് ദിവസം 19 പേരുള്ള സംഘത്തെ നയിച്ചു. അന്ന് പോകുന്നതിന് മുൻപ് ശരീരം തണുപ്പിലെ യാത്രക്ക് വേണ്ടി ഒരുക്കിയെടുത്തിരുന്നു. ഭാരവും ശ്വസിക്കാനുള്ള ശക്തിയുമെല്ലാം ക്രമീകരിച്ചു. അത്തരത്തിലുള്ള ഒരുക്കങ്ങൾ ഈ യാത്രയിലും തീർച്ചയായും ഉണ്ടാകും. യാത്രക്കുള്ള തയാറെടുപ്പുകൾ നടന്ന് കൊണ്ടിരിക്കുന്നു.

ആദ്യമായാണ് സൈബീരിയൻ ഹസ്‌കി ഇനത്തിൽപ്പെട്ട നായകൾ വലിക്കുന്ന സ്ലെഡിൽ യാത്ര നടത്താൻ പോകുന്നത്. അങ്ങനെ യാത്ര ചെയ്യുന്നത് ഫിയാൽ റാവന്റെ യാത്രയിൽ കിട്ടാൻ പോകുന്ന പുതിയ അനുഭവമാണ്.

interview with geethu mohandas, first indian woman in artic expedition by fjjallraven

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top