നൊബേല്‍ സമ്മാന ജേതാവിനെ തടഞ്ഞത് സാമൂഹ്യവിരുദ്ധര്‍: കടകംപള്ളി സുരേന്ദ്രന്‍

നൊബേല്‍ സമ്മാന ജേതാവ് മൈക്കിള്‍ ലെവിറ്റ് സഞ്ചരിച്ച ഹൗസ് ബോട്ട് വേമ്പനാട്ട് കായലില്‍ ഒന്നര മണിക്കൂറോളം തടഞ്ഞിട്ട സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായാണ് കേരള സര്‍വകലാശാലയില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനായി അദ്ദേഹം കേരളത്തിലെത്തിയത്. അദ്ദേഹത്തിന് നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നു.
വിനോദസഞ്ചാര മേഖലയെ ഹര്‍ത്താലില്‍ നിന്നും പണിമുടക്കുകളില്‍ നിന്നും ഒഴിവാക്കുവാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുന്‍പ് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ധാരണയായതാണ്. ടൂറിസം സീസണ്‍ ആയതിനാല്‍ വിദേശ,ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതും ഇതിനകം തന്നെ ബുക്കിംഗ് നടന്ന ഹോട്ടലുകളെയും ഹൗസ് ബോട്ടുകളെയും ബാധിക്കുമെന്നതും ഉള്‍പ്പടെ കണക്കിലെടുത്ത് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ ഇന്നത്തെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയതുമാണ്.
ഈ സാഹചര്യത്തില്‍ അതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചത് ആരായാലും സാമൂഹ്യവിരുദ്ധര്‍ എന്ന് മാത്രമേ വിശേഷിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. സംയുക്ത സമര സമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി ഏതെങ്കിലും തൊഴിലാളി സംഘടനകള്‍ ഇങ്ങനെ ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല. മൈക്കിള്‍ ലെവിറ്റിനെ തടഞ്ഞതിന് പിന്നില്‍ ആരായിരുന്നാലും കുറ്റക്കാരെ കണ്ടെത്തി കര്‍ശനമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here