ട്രംപിന് യുദ്ധക്കൊതി: ഇറാന്‍ പ്രതികാരം വീട്ടി; വെട്ടിലാവുന്നത് ഇന്ത്യ

പി പി ജെയിംസ്
ശക്തനും പ്രിയപ്പെട്ടവനുമായ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന പ്രതിജ്ഞ പാലിക്കാതെ മറ്റുവഴി ഉണ്ടായിരുന്നില്ല ഇറാന്. അത്രയ്ക്ക് തീവ്രവും വൈകാരികവുമായിരുന്നു സുലൈമാനിയുടെ അന്ത്യയാത്ര.
ഇറാഖിലെ അമേരിക്കന്‍ വ്യോമകേന്ദ്രങ്ങളിലേക്ക് മിസൈല്‍ അയച്ചെങ്കിലും ഒരു തുറന്ന യുദ്ധം ഇപ്പോഴും ഇറാന്‍ ആഗ്രഹിക്കുന്നതായി തോന്നുന്നില്ല. അമേരിക്കയുടെ സൈനിക ശക്തിയെക്കുറിച്ച് ഇറാന് വ്യക്തമായ ബോധ്യമുണ്ടെന്ന് ചുരുക്കം.
എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മനോനില അതാവണമെന്നില്ല. നവംബറിലെ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന ട്രംപിന്, ഇറാന്‍ വിഷയം തുറുപ്പുചീട്ടാക്കാമെന്ന ചിന്തയുണ്ട്. സെനറ്റില്‍ ഇംപീച്ച്‌മെന്റ് വിചാരണ നേരിടാന്‍ പോവുന്ന ട്രംപിന് ആ നാണക്കേടില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടണം. സദ്ദാം ഹുസൈനെതിരെ പട നയിച്ച് ജോര്‍ജ് ഡബ്ല്യു ബുഷ് പ്രസിഡന്റ് സ്ഥാനത്ത് ഇരിപ്പുറപ്പിച്ച കഥ ട്രംപിന് നന്നായറിയാം. അതുകൊണ്ടുതന്നെ ഒരു കൈ നോക്കാന്‍ ട്രംപ് തയാറായാല്‍ കളി കാര്യമാകും. എല്ലാം ശുഭമെന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും സ്വന്തം രാജ്യത്ത് എല്ലാം അത്ര ശുഭകരമല്ലാ എന്നതാണ് യാഥാര്‍ത്ഥ്യം.
ട്രംപിന് ഇറാന്‍ ഒരേസമയം സുവര്‍ണാവസരവും വെല്ലുവിളിയുമാണ്. ജനറല്‍ സുലൈമാനിയെ വധിച്ച് ഇറാനുമായി യുദ്ധത്തിന്റെ കരിനിഴല്‍ ഉണ്ടാക്കിയത് ട്രംപാണെന്ന ആക്ഷേപം ഡെമോക്രാറ്റുകള്‍ ഉന്നയിച്ചുകഴിഞ്ഞു. കാര്യങ്ങള്‍ കൈവിട്ടുപോവുമെന്ന ഭീതി ട്രംപിന്റെ പാര്‍ട്ടിക്കാരായ റിപ്പബ്ലിക്കന്‍മാര്‍ക്കുണ്ട്.
ഇറാഖിന്റെ കൈവശം രാസായുധം ഉണ്ടെന്ന് വ്യാജ ആരോപണം നടത്തിയാണ് അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ല്യു ബുഷ് സദ്ദാം ഹുസൈനെ ആക്രമിച്ചത്. ഡെമോക്രാറ്റുകള്‍ ഈ ആക്രമണത്തെ വിമര്‍ശിച്ചിരുന്നു. ബുഷിന്റെ ആരോപണം തെറ്റായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. സദ്ദാം ഹുസൈനെ വീഴ്ത്തിയതിനു ശേഷമുള്ള ഇറാഖിലെ അരാജകത്വം അമേരിക്കയ്ക്ക് ഇപ്പോഴും തലവേദനയാണ്.
എത്രയോ വര്‍ഷമായി അമേരിക്കന്‍ പട്ടാളത്തെ ഇറാഖില്‍ വിന്യസിച്ചിരിക്കുന്നു. ഇറാഖിലെ അമേരിക്കന്‍ വ്യോമകേന്ദ്രങ്ങളെയാണ് ഇറാന്‍ ഇന്ന് ആക്രമിച്ചതെന്ന് ഓര്‍ക്കണം. ജോര്‍ജ് ബുഷിന്റെ അതെ യുദ്ധക്കൊതിയുള്ള നേതാവാണ് ഡോണള്‍ഡ് ട്രംപ് എന്നും ഓര്‍ക്കണം. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടുവോ എന്നതാണ് അറിയേണ്ടത്. ഇല്ലെന്ന് അമേരിക്കയും എണ്‍പതുപേര്‍ക്ക് ജീവഹാനി സംഭവിച്ചുവെന്ന് ഇറാനും പറയുന്നു. സൈനികര്‍ കൊല്ലപ്പെട്ടാല്‍ ട്രംപിന് അമേരിക്കയില്‍ തലവേദനയാകും.
എന്തായാലും 1979 ല്‍ ടെഹ്‌റാനിലെ യുഎസ് എംബസി പിടിച്ചെടുത്ത ശേഷം ഇറാന്‍ അമേരിക്കയെ നേരിട്ട് ആക്രമിക്കുന്നത് ഇതാദ്യമാണ്. അതിന്റെ പരിഭ്രാന്തി അമേരിക്കയിലുണ്ട്. ചാവേര്‍ ആക്രമണങ്ങള്‍ ഇനി എവിടെയും ഉണ്ടാകും. പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന മുന്‍കൂര്‍ ജാമ്യത്തോടെ ഇറാന്‍ സംയമനം പാലിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അവസരം മുതലെടുത്ത് ട്രംപ് തിരിച്ചടിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയേക്കാം.
യുദ്ധമുണ്ടായാല്‍ അമേരിക്കയും ഇറാനുമായും ഒരുപോലെ ബന്ധമുള്ള ഇന്ത്യ ത്രിശങ്കുവിലാവും. ആരെ തുണയ്ക്കും, ആരെ തള്ളും എന്നത് പ്രശ്‌നമാണ്. അതുകൊണ്ട്തന്നെ മധ്യസ്ഥന്റെ റോളില്‍ നിന്ന് യുദ്ധസാഹചര്യം ഒഴിവാക്കാനാവും ഇന്ത്യയുടെ ശ്രമം.
ഇനി തിരിച്ചടിച്ചാല്‍ അമേരിക്കയുടെ സുഹൃത്തുക്കളായ സൗദി അറേബ്യ, ദുബായ്, ഇസ്രയേല്‍ എന്നിവരെ ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണിയും ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നു. മധ്യപൂര്‍വ ഏഷ്യയിലും പശ്ചിമ ഏഷ്യയിലുമായി ഒരു കോടിയിലേറെ ഇന്ത്യക്കാര്‍ ഉണ്ട്. അതില്‍ നാലിലൊന്ന് മലയാളികളാണ്. സൗദിയിലും യുഎഇയിലും ഉള്ള മലയാളികള്‍ക്കും ഭീതി പകരുന്നതാണ് ഇറാന്റെ ഈ ഭീഷണി.
സദ്ദാം ഹുസൈന്‍ കുവൈറ്റ് ആക്രമിച്ചപ്പോഴും പതിനായിരക്കണക്കിന് മലയാളികള്‍ക്ക് നാട്ടിലേക്ക് ഓടിവരേണ്ടിവന്നിരുന്നു. അന്ന് സൗദിയിലേക്കും ഇസ്രയേലിലേക്കും സ്‌കഡ് മിസൈലുകളാണ് സദ്ദാം ഹുസൈന്‍ തൊടുത്തുവിട്ടത്. രണ്ട് ദിവസംകൊണ്ട് കുവൈറ്റ് കീഴടക്കിയ സദ്ദാം, 600 എണ്ണക്കിണറുകള്‍ക്ക് തീയിട്ടാണ് അന്ന് പിന്‍വാങ്ങിയത്. അതും അമേരിക്കന്‍ ആക്രമണത്തിന് ശേഷം.
യുദ്ധ ഭീഷണിക്കു നടുവില്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ചുകയറുകയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കുതന്നെ അത് ഭീഷണിയാകും. വിലക്കയറ്റത്തിനു വഴിതെളിക്കും എന്ന കാര്യത്തിലും സംശയം വേണ്ട. ഡോണള്‍ഡ് ട്രംപിന്റെ യുദ്ധക്കൊതിക്ക് വിലപറയേണ്ടിവരിക നമ്മള്‍ മലയാളികള്‍ കൂടിയാവും എന്ന് ചുരുക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here