തുടര്‍ച്ചയായ അമ്പതാം വര്‍ഷവും അയ്യപ്പദര്‍ശനം സാധ്യമാകുന്നതിന്റെ നിര്‍വൃതിയില്‍ ബാലകൃഷ്ണ ഗുരുസ്വാമി

തുടര്‍ച്ചയായ അമ്പതാമത്തെ വര്‍ഷവും അയ്യപ്പദര്‍ശനം സാധ്യമാകുന്നതിന്റെ നിര്‍വൃതിയിലാണ് കാസര്‍ഗോഡ് കേളുഗുഡ്ഡെയിലെ ബാലകൃഷ്ണ ഗുരുസ്വാമി. ശബരീശ ദര്‍ശനം അമ്പതാമാണ്ടിലെത്തുമ്പോള്‍ 200ലേറെ ശിഷ്യന്‍മാരും ഗുരുസ്വാമിക്കൊപ്പം മല ചവിട്ടും.

ചിന്‍മുദ്രയണിഞ്ഞ് കറുപ്പുടുത്ത് 41 ദിവസത്തെ വ്രതമെടുപ്പിന് ശേഷം കാനനവാസനെ കണ്‍കുളിര്‍ക്കെ കാണാനാണ് കെട്ടുനിറച്ച് അയ്യപ്പന്‍മാര്‍ യാത്ര തുടങ്ങുന്നത്. കാനന പാതയില്‍ കരിമലയും നീലിമലയും താണ്ടിയുള്ള ശബരിമല യാത്രയില്‍ ബാലകൃഷ്ണ ഗുരുസ്വാമി അമ്പതാണ്ട് തികയ്ക്കുകയാണ്. എല്ലാം അയ്യപ്പനില്‍ അര്‍പ്പിച്ച ജീവിതമാണ് ബാലകൃഷ്ണ ഗുരുസ്വാമിക്ക്. 1968മുതലാണ് ബാലകൃഷ്ണ ഗുരുസ്വാമി അയ്യനെ കാണാന്‍ മലചവിട്ടിത്തുടങ്ങുന്നത്. അയ്യപ്പാനുഗ്രഹത്താല്‍ നാളിതുവരെയും തടസങ്ങളേതുമില്ലാതെ ദര്‍ശനം സാധ്യമായെന്ന് ഗുരുസ്വാമി പറയുന്നു.

വൃശ്ചികം ഒന്നു മുതല്‍ മാലയിട്ട് വ്രതാരംഭം കുറിക്കും. കാസര്‍ഗോഡ് താളിപ്പടുപ്പിലെ ആശ്രമത്തിലാണ് ശരണം വിളി. ഇക്കുറി 200ലേറെ ശിഷ്യന്‍മാര്‍ക്ക് ബാലകൃഷ്ണഗുരുസ്വാമി മുദ്ര ധരിച്ചു നല്‍കി. കാസര്‍ഗോഡ് മല്ലികാര്‍ജുന ക്ഷേത്രത്തിനോട് ചേര്‍ന്ന ഭജനമന്ദിരത്തില്‍ വച്ച് കെട്ടുനിറച്ചാണ് ഇക്കുറിയും ബാലകൃഷ്ണ ഗുരുസ്വാമിയും സംഘവും അയ്യപ്പദര്‍ശനത്തിനായി പുറപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More