Advertisement

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍; എടുത്തു ചാട്ടക്കാരനെന്ന പേര് ഒഴിവാക്കാന്‍ ട്രംപ്

January 9, 2020
Google News 0 minutes Read

പി പി ജെയിംസ്

ശ്വാസം പിടിച്ചാണ് ലോകം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാര്‍ത്താ സമ്മേളനം കേട്ടത്. ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുമ്പോഴും അത്ഭുതപ്പെടുത്തുന്ന എന്തോ ഒന്ന് താന്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന മുഖഭാവമായിരുന്നു ട്രംപിന്. ശരീരഭാഷയും സംസാരവും ഭീഷണിയുടെ പതിവ് ശൈലിയിലായിരുന്നില്ല. മുന്നറിയിപ്പുകള്‍ക്കിടയിലും അമേരിക്ക യുദ്ധത്തിനില്ലെന്ന സന്ദേശം വ്യക്തമായി പറഞ്ഞു.

ഇതിന് കാരണം പലതാവാം, അമേരിക്കന്‍ സൈനികര്‍ക്ക് ജീവഹാനി സംഭവിക്കാത്തതും ലോകത്തിന്റെ യുദ്ധവിരുദ്ധ വികാരവും മാറിചിന്തിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചിട്ടുണ്ടാകും. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഖാസിം സുലൈമാനിയെ വധിച്ചത് ട്രംപിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇറാന്റെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന ട്രംപിന്റെ ഭീഷണി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയും പെന്റഗണും തള്ളിപ്പറഞ്ഞത് കൂട്ടിവായിക്കണം.

സോവിയറ്റ് യൂണിയനെ വിറപ്പിച്ച കെന്നഡി

1962 ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡിയുടെ നാടകീയമായ അഭിസംബോധനയും സമാനമായിരുന്നു. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ യുദ്ധാന്തരീക്ഷം. പടക്കോപ്പുകളുമായി കപ്പലുകള്‍ നങ്കൂരമിട്ടു കിടക്കുന്നു. കെന്നഡി ഉഗ്രസ്വരത്തില്‍ ഭീഷണി മുഴക്കി. ക്യൂബയില്‍ സ്ഥാപിച്ചിരുന്ന മിസൈലുകള്‍ 24 മണിക്കൂറിനുള്ളില്‍ സോവിയറ്റ് യൂണിയന്‍ മാറ്റിയില്ലെങ്കില്‍ മൂന്നാം ലോക മഹാ യുദ്ധത്തിന് തയാറാകാനായിരുന്നു കെന്നഡിയുടെ അന്ത്യ ശാസനം. ഇത് കേട്ട് സോവിയറ്റ് യൂണിയന്‍ പരിഭ്രാന്തിയിലും ആശയക്കുഴപ്പത്തിലുമായി.

ജോണ്‍ എഫ് കെന്നഡി ശരിക്കും യുദ്ധത്തിന് തയാറാണോ എന്നായി ചര്‍ച്ച. ഒടുവില്‍ മനഃശാസ്ത്രജ്ഞരുടെ സഹായം തേടി അധികാരികള്‍. കെന്നഡിയുടെ ശാസനത്തിന്റെ സ്വരഭേദം അവര്‍ വീണ്ടും വീണ്ടും കേട്ട് വിലയിരുത്തി. രണ്ടും കല്‍പ്പിച്ചാണ് കെന്നഡി ഭീഷണി മുഴക്കിയിരിക്കുന്നതെന്ന് മനഃശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ട് നല്‍കി. ക്യൂബയില്‍ നിന്ന് മിസൈലുകള്‍ മാറ്റാന്‍ സോവിയറ്റ് യൂണിയന്‍ പിന്നെ വൈകിയില്ല. ഉറപ്പായിരുന്ന യുദ്ധം ഒഴിവാകുകയും ചെയ്തു. അത്രയും സങ്കീര്‍ണമല്ലായിരുന്നെങ്കിലും ഒരു തരത്തില്‍ ലോകത്തിന് ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഇന്ന് രാത്രി ഉണ്ടായത്. അമേരിക്കയ്ക്കും ഇറാനും ഇടയിൽ വെട്ടിലായ ഇരു രാജ്യങ്ങളുടേയും പൊതു സുഹൃത്തായ ഇന്ത്യയ്ക്കും ആശ്വാസം പകരുന്നതാണ് ഈ വാർത്ത.

നേരിട്ട് ആക്രമിച്ചില്ലെങ്കിലും ഇറാനുമേല്‍ ശക്തമായ സാമ്പത്തിക ഉപരോധം അമേരിക്ക കൊണ്ടുവരും. ഇറാനുമായി ആണവ കരാറിന് വഴങ്ങിയതിന്റെ പേരില്‍ ബറാക് ഒബാമയുടെ മുന്‍ സര്‍ക്കാരിനെതിരെ ഒളിയമ്പെറിയാനും ട്രംപ് വിരുത് കാട്ടി. ഐഎസ് ഭീകരരെയും ബാഗ്ദാദിയെയും ഒഴിവാക്കാന്‍ ഇറാന്‍ നടത്തിയ ശ്രമങ്ങളെ ഇതിനിടയില്‍ പരോക്ഷമായി പിന്തുണയ്ക്കാനും ട്രംപ് മറന്നില്ല.

എടുത്തു ചാട്ടക്കാരന്റെ ഇമേജില്‍ നിന്ന് മാറാന്‍ ട്രംപ് ബോധപൂര്‍വം ശ്രമം നടത്തുന്നതായി കാണാം. ഉത്തര കൊറിയയുടെ കിം ജോംഗ് ഉന്നുമായി ആദ്യം കൊമ്പുകോര്‍ത്തെങ്കിലും പിന്നീട് സൗഹൃദത്തിന്റെ കരം നീട്ടിയതും ഈ നയതന്ത്രജ്ഞതയുടെ ഭാഗമാകാം. ഭീഷണിയും സമാധാനവും ഒരുപോലെ എടുത്തു പയറ്റാന്‍ കഴിയുന്ന തന്ത്രജ്ഞനാണ് താനെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് ട്രംപ്. നവംബറില്‍ നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് തന്നെയാകും ലക്ഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here