വായ്പ എഴുതിത്തള്ളിയ ജയകുമാറിന്റെ കുടുംബത്തിന് കാനറാ ബാങ്ക് രേഖകൾ കൈമാറി; ട്വന്റിഫോർ ഇംപാക്റ്റ്

ട്വന്റിഫോർ വാർത്തയെ തുടർന്ന് വായ്പ എഴുതിത്തള്ളിയ ജയകുമാറിന്റെ കുടുംബത്തിന് കാനറാ ബാങ്ക് അധികൃതർ രേഖകൾ കൈമാറി. എട്ടര ലക്ഷം രൂപയുടെ വായ്പയാണ് ബാങ്ക് എഴുതിത്തള്ളിയത്.
ഡെപ്യൂട്ടി ജനറൽ മാനേജർ ഉൾപ്പടെയുള്ളവർ ജയകുമാറിന്റെ വീട്ടിലെത്തി രേഖകൾ കൈമാറി. കഴിഞ്ഞ ഒക്ടോബർ 14നാണ് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ ജയകുമാറിന്റെ കുടുംബത്തിന്റെ വാർത്ത ചാനൽ ജനങ്ങളിലേക്കെത്തിച്ചത്.
Read Also: നിർധന കുടുംബത്തിന് കൈത്താങ്ങായി ട്വന്റിഫോർ വാർത്ത; എട്ടര ലക്ഷം രൂപ വായ്പ എഴുതിത്തള്ളി കാനറാ ബാങ്ക്
വാർത്തയോട് വളരെ വൈകാരികമായി കുടുംബം പ്രതികരിച്ചു. ബാങ്ക് ബാധ്യത അവസാനിക്കുന്നതോടെ കുട്ടികൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാനുള്ള പരിശ്രമത്തിലാണ് മാതാപിതാക്കൾ.
ഇയാളുടെ മക്കൾ ദേവികയ്ക്ക് 12 വയസും ഗോപികയ്ക്ക് പത്ത് വയസുമാണുള്ളത്. ഇരുവരുടെയും ജീവിതത്തിലേക്ക് ദുരന്തം കടന്ന് വന്നത് ഹെർലസ് സിൻഡ്രോമിന്റെ രൂപത്തിൽ ആയിരുന്നു. വളർച്ച മുരടിച്ച് സംസാര ശേഷി നഷ്ടപ്പെട്ട ദേവിക പൂർണമായും കിടപ്പിലാണ്. ഓരോ നിമിഷവും കടുത്ത വേദന സഹിച്ചുകൊണ്ടാണ് ഇളയവൾ ഗോപികയുടെ ജീവിതം. 18 വർഷം ബഹ്‌റിനിൽ ജോലി ചെയ്ത സമ്പാദ്യം മുഴുവനും മക്കളുടെ ചികിത്സക്കായി ജയകുമാർ ചെലവഴിച്ചു. താമസിക്കുന്ന വീടും പുരയിടവും ഉൾപ്പെടെ പണയം വച്ച് കാശും ചികിത്സക്കായി ചെലവഴിച്ചതോടെ കുടുംബം ജപ്തി ഭീഷണിയിലായിരുന്നു.
ഇവരുടെ ചികിത്സയ്ക്കായി കാനറാ ബാങ്ക് മുദാക്കൽ ശാഖയിൽ നിന്നും ജയകുമാർ 15 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വാർത്ത പുറത്ത് വന്നതോടെയാണ് അവശേഷിക്കുന്ന വായ്പാ സംഖ്യ ബാങ്ക് അധികൃതർ എഴുതിത്തള്ളാൻ തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here