കണ്ണൂരിൽ കാൽനടയാത്രക്കാരനെ ഇടിച്ചിട്ട ശേഷം രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തിൽ നിന്ന് പിടിച്ചെടുത്തത് ഒന്നരക്കോടിയുടെ കുഴൽപ്പണം

കണ്ണൂർ വളപട്ടണത്ത് വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്തുകയായിരുന്ന ഒന്നരക്കോടിയോളം രൂപ പിടികൂടി. രണ്ട് പേർ പിടിയിൽ. നീലേശ്വരത്ത് വച്ച് കാൽനടയാത്രക്കാരനെ ഇടിച്ചിട്ട ശേഷം രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തിൽ നിന്നാണ് കുഴൽപ്പണം കണ്ടെത്തിയത്. അപകടത്തിൽ പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു.
ജാർഖണ്ഡ് രജിസ്ട്രേഷനിലുള്ള കാറിൽ കേരളത്തിലെത്തിച്ച ഒരു കോടി നാൽപ്പത്തിയാറ് ലക്ഷം രൂപയാണ് കസ്റ്റംസ് പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശികളായ കിഷോർ, സാഗർ എന്നിവർ പൊലീസ് പിടിയിലായി.
വ്യാഴാഴ്ച പുലർച്ചെ കാസർകോട് ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് വന്ന കാർ നീലേശ്വരത്ത് വെച്ച് കാൽനടയാത്രക്കാരനെ ഇടിച്ചു. കാർ നിർത്താതെ പോവുകയും ചെയ്തു. പരിക്കേറ്റ നീലേശ്വരം സ്വദേശി തമ്പാൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വളപട്ടണത്ത് വെച്ച് പോലീസ് കാർ പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തു.
ഇതിനിടെ കാറിൽ കുഴൽപ്പണമുണ്ടെന്ന രഹസ്യവിവരം ലഭിച്ച കസ്റ്റംസ് വളപട്ടണം പോലീസ് സ്റ്റേഷനിലെത്തി വാഹനം പരിശോധിച്ചു. പിറകിലെ സീറ്റിനടിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് ഒന്നരക്കോടിയോളം രൂപ ഒളിപ്പിച്ചിരുന്നത്. രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റെയും നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. പണം എങ്ങോട്ടാണ് കൊണ്ടു പോകാൻ ശ്രമിച്ചതെന്ന കാര്യം വ്യക്തമല്ല.
Story Highlights: Hawala Money
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here