‘ചെന്നിത്തല ആഭ്യന്തര മന്ത്രിയായത് താക്കോൽ ദാന ശസ്ത്രക്രിയയിലൂടെ’; പരിഹസിച്ച് ടി പി സെൻകുമാർ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മുൻ ഡിജിപി ടി പി സെൻകുമാർ. ചെന്നിത്തല കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ ആഭ്യന്തരമന്ത്രിയായത് താക്കോൽ ദാന ശസ്ത്രക്രിയയിലൂടെയാണെന്ന് സെൻകുമാർ പരിഹസിച്ചു. ഇരിങ്ങാലക്കുടയിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സെൻകുമാർ.
സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ പാതകമാണെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് സെൻകുമാർ രംഗത്ത് വന്നത്. കേരള കേഡറിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു താനെന്നും സെൻകുമാർ പറഞ്ഞു. ഡിജിപിയെ തെരഞ്ഞെടുക്കുന്നത് ആഭ്യന്തര മന്ത്രിയല്ലെന്നും മുഖ്യമന്ത്രിയും മന്ത്രിസഭയും ചേർന്നാണെന്നും അക്കാര്യം ചെന്നിത്തല ആദ്യം പഠിക്കട്ടേയെന്നും സെൻകുമാർ പറഞ്ഞു. ഡിജിപി പദവിക്കായി ഒരു രാഷ്ട്രീയക്കാരന്റെ പിന്നാലെയും താൻ പോയിട്ടില്ലെന്നും സെൻകുമാർ പറഞ്ഞു.
ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാൻ മോഹമുണ്ട്. അതിന് മുസ്ലീം വിഭാഗങ്ങളുടെ വോട്ട് നേടാനാണ് ശ്രമം.
രാഷ്ട്രത്തിന് നന്മയുണ്ടാകുന്ന ആളുകളാണ് മുഖ്യമന്ത്രിയാകേണ്ടത്. അല്ലാതെ ഇവരെപോലെയുള്ളവർ അല്ലെന്നും സെൻകുമാർ പറഞ്ഞു. ഇനിയും പലകാര്യങ്ങളും പറയാനുണ്ട്. തന്നെക്കൊണ്ട് പറയിപ്പിക്കണമോയെന്ന് ചെന്നിത്തല തീരുമാനിക്കട്ടെയെന്നും സെൻകുമാർ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here