Advertisement

ആരോഗ്യ വകുപ്പിൽ കൂട്ടപ്പിരിച്ചു വിടൽ; അനധികൃത അവധിയെടുത്ത 480 പേരെ പുറത്താക്കാൻ നീക്കം

January 10, 2020
0 minutes Read

ആരോഗ്യ വകുപ്പിൽ കൂട്ടപ്പിരിച്ചു വിടൽ. അനധികൃതമായി സർവീസിൽ നിന്ന് വിട്ടുനിൽക്കുന്ന ഡോക്ടർമാർ ഉൾപ്പെടെ 480 ജീവനക്കാരെയാണ് പിരിച്ചുവിടാൻ ഉത്തരവിറക്കിയിരിക്കുന്നത്. പലതവണ അവസരം നൽകിയിട്ടും തിരികെ ജോലിയിൽ പ്രവേശിക്കാത്തവർക്കെതിരെയാണ് നടപടി.

ഡോക്ടർമാർ ഉൾപ്പെടെയുളള ജീവനക്കാരുടെ അനധികൃത ഹാജരില്ലായ്മ ആരോഗ്യ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസമാകുന്ന സാഹചര്യത്തിലാണ് കൂട്ടപ്പിരിച്ചുവിടലിന് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. 430 ഡോക്ടർമാർ ഉൾപ്പെടെ 480 ജീവനക്കാർക്കെതിരെയാണ് നടപടി. പ്രൊബേഷൻ പൂർത്തിയാക്കിയ 53 ഡോക്ടർമാരും പ്രൊബേഷനർമാരായ 377 ഡോക്ടർമാരും ഇതിൽ ഉൾപ്പെടും.

നടപടിക്ക് വിധേയമായവർക്ക് ഒരു വർഷത്തെ ഇടവേളയ്ക്കുള്ളിൽ രണ്ടു തവണ അവസരം നൽകിയെങ്കിലും സർവീസിൽ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടർമാരെ നേരത്തെ പുറത്താക്കിയിരുന്നു. പകർച്ച വ്യാധികളുൾപ്പെടെ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ അഭാവം വകുപ്പിന്റെ പ്രവർത്തനങ്ങൾ താളം തെറ്റിക്കുന്നതായാണ് നിരീക്ഷണം. ഇത്തരം ജീവനക്കാർ സർവീസിൽ തുടരുന്നത് അർഹരായവരുടെ അവസരം നഷ്ടപ്പെടുത്തുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഈ സാഹചര്യങ്ങൾക്കൂടി കണക്കിലെടുത്താണ് അനധികൃതാവധിയിൽ തുടരുന്നവരെ പിരിച്ചുവിടാനുളള സർക്കാർ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top