Advertisement

ആദ്യ പന്തിൽ സിക്‌സർ; രണ്ടാം പന്തിൽ പുറത്ത്; ആരാധകർക്ക് നിരാശ നൽകി സഞ്ജു

January 10, 2020
1 minute Read

നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യൻ ജഴ്‌സിയണിഞ്ഞ സഞ്ജു സാംസൺ ആരാധകർക്ക് നൽകിയത് നിരാശ. ആദ്യ പന്തിൽ സിക്‌സറടിച്ച സഞ്ജു രണ്ടാം പന്തിൽ പുറത്തായി. ഏറെ പ്രതീക്ഷയോടെയാണ് സഞ്ജുവിന്റെ വരവിനെ ആരാധകർ നോക്കിക്കണ്ടത്.

തന്റെ ഇഷ്ട പൊസിഷനിൽ മൂന്നാമനായാണ് സഞ്ജു ഇറങ്ങിയത്. ആദ്യ പന്ത് തന്നെ സഞ്ജു സിക്‌സറടിച്ച് പറത്തി. ക്യാപ്ടൻ വിരാട് കോലി ഉൾപ്പെടെ സഞ്ജുവിന് അഭിനന്ദനവുമായി എത്തി. എന്നാൽ രണ്ടാം പന്തിൽ സഞ്ജു പുറത്താക്കുകയായിരുന്നു.

ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 12.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിലാണ് ഇന്ത്യ. ഓപ്പണർമാരായ കെഎൽ രാഹുലും ശിഖർ ധവാനും മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഇരുവരും അർധ സെഞ്ചുറി നേടി. സഞ്ജുവിന് പിന്നാലെ വന്ന ശ്രേയസ് അയ്യർ നാല് റൺസെടുത്ത് പുറത്തായി.

ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് ടീമെത്തിയത്. റിഷഭ് പന്തിന് പകരം സഞ്ജു ടീമിലെത്തി. കുൽദീപിന് പകരം യൂസ്വേന്ദ്ര ചാഹലും ശിവം ദുെബയ്ക്ക് പകരം മനീഷ് പാണ്ഡെയും ടീമിലെത്തി.

ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന ആദ്യ ട്വന്റിട്വന്റി മത്സരം മഴയെ തുടർന്ന് ഒരോവർ പോലും കളിക്കാനാവാതെ ഉപേക്ഷിച്ചിരുന്നു. ഇൻഡോറിൽ നടന്ന രണ്ടാം ട്വന്റിട്വന്റിയിൽ ഏഴു വിക്കറ്റിന്റെ ഏകപക്ഷീയ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. തുടർച്ചയായ രണ്ടാം ജയത്തോടെ പരമ്പര നേടാം എന്ന ലക്ഷ്യത്തോടെയാണ് വിരാട് കോലിയും സംഘവും ഇറങ്ങിയിരിക്കുന്നത്.

ഇന്ത്യ-ശിഖർ ധവാൻ, ലോകേഷ് രാഹുൽ, വിരാട് കോലി (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, മനീഷ് പാണ്ഡെ, വാഷിങ്ടൺ സുന്ദർ, ശർദ്ദുൽ താക്കൂർ, യുസ്വേന്ദ്ര ചഹൽ, നവദീപ് സെയ്‌നി, ജസ്പ്രീത് ബുംറ.

ശ്രീലങ്ക-ധനുഷ്‌ക ഗുണതിലക, അവിഷ്‌ക ഫെർണാണ്ടോ, കുശാൽ പെരേര, ഒഷാദ ഫെർണാണ്ടോ, ആഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസിൽവ, ദസുൻ ശനക, ലക്ഷൺ ശണ്ടകൻ, വനിന്ദു ഹസരംഗ, ലസിത് മലിങ്ക (ക്യാപ്റ്റൻ), ലഹിരു കുമാര.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top