യുക്രൈൻ വിമാനം തകർന്നുവീണത് അബദ്ധത്തിൽ; മിസൈലാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇറാൻ

യുക്രൈൻ വിമാനം തകർന്നുവീണതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇറാൻ. തങ്ങളുടെ മിസൈലാക്രമണത്തിലാണ് വിമാനം തകർന്നുവീണതെന്ന് രാജ്യം സമ്മതിച്ചു. വിമാനം തകർന്ന് വീണതിന് പിന്നിൽ ഇറാനാണെന്ന് ആരോപിച്ച് ഇന്നലെ അമേരിക്കയും കാനഡയും ഉൾപ്പടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ശേഷം തങ്ങളുടെ മിസൈലാക്രമണത്തിലാണ് വിമാനം തകർന്നുവീണതെന്ന് സമ്മതിച്ച ഇറാൻ അപകടം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് വിശദീകരിച്ചു.
Read Also: ‘ഉക്രൈൻ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വിമാനക്കമ്പനിക്കോ യുഎസിനോ നൽകില്ല’; ഇറാൻ
ബുധനാഴ്ച രാവിലെയാണ് യുക്രൈൻ എയർലൈൻസിന്റെ ബോയിങ് 737 വിമാനം ഇറാനിലെ ഇമാം ഖൊമെയ്‌നി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ തകർന്ന് വീണത്. സംഭവത്തിൽ 176 പേർ കൊല്ലപ്പെട്ടിരുന്നു.
ഇറാൻ ഇറാഖിലെ അമേരിക്കൻ വ്യോമതാവളങ്ങൾ മിസൈലുകൾ ഉപയോഗിച്ച് അക്രമിച്ചതിന് തൊട്ടടുത്ത മണിക്കൂറിലാണ് വിമാനം തകർന്നുവീണത്. സാങ്കേതിക തകരാറാണ് അപകടത്തിന് പിന്നിലെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ഇത് യുക്രൈനും ശരി വച്ചിരുന്നു.
പിന്നീട് ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നതിന്റെ തെളിവുകൾ ലഭിച്ചെന്ന വാദവുമായി കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾ യുക്തി രഹിതമാണെന്നായിരുന്നു ഇറാന്റെ വാദം.
iran, ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here