ഫിൽ ബ്രൗൺ പുറത്ത്; ഹൈദരാബാദിനെ പരിശീലിപ്പിക്കാൻ ആൽബർട്ട് റോക്ക

മുൻ ബാംഗ്ലൂർ എഫ്സി പരിശീലകൻ ഐഎസ്എല്ലിലേക്ക് തിരികെയെത്തുന്നു. ഹൈദരാബാദ് എഫ്സിയുടെ പരിശീലക വേഷത്തിലാണ് റോക്ക വീണ്ടും സൂപ്പർ ലീഗിലേക്ക് എത്തുന്നത്. തുടർ പരാജയങ്ങളെത്തുടർന്ന് ഹൈദരാബാദ് എഫ്സി തങ്ങളുടെ പരിശീലകൻ ഫിൽ ബ്രൗണിനെ പുറത്താക്കിയിരുന്നു. ഈ ഒഴിവിലേക്കാണ് സ്റ്റാർ പരിശീലകൻ എത്തുന്നത്.
ബെംഗളൂരു എഫ്സിയെ ഇന്ന് കാണുന്ന നിലയിൽ ഏഷ്യയിലെ തന്നെ മികച്ച ടീമുകളിലൊന്നാക്കി മാറ്റുന്നതിൽ നിർണായക പങ്കു വഹിച്ചയാളാണ് ആൽബർട്ട് റോക്ക. 2016ലാണ് അദ്ദേഹം ബെംഗളൂരു പരിശീലകനായി ഇന്ത്യയിലെത്തുന്നത്. ബെംഗളൂരുവിനെ എഎഫ്സി കപ്പ് ഫൈനലിലെത്തിച്ചാണ് അദ്ദേഹം വിട പറഞ്ഞത്. സ്റ്റീഫൻ കോൺസ്റ്റൻ്റൈനു ശേഷം ഇന്ത്യൻ പരിശീലകനാവാനുള്ള പട്ടികയിലും റോക്ക ഉൾപ്പെട്ടിരുന്നു.
റോക്കയെ ടീമിലെത്തിക്കുന്നത് വഴി അല്പം കൂടി മെച്ചപ്പെട്ട പ്രകടനങ്ങളാണ് ഹൈദരാബാദ് എഫ്സി ലക്ഷ്യമിടുന്നത്. ഈ സീസണിൽ അവസാന സ്ഥാനത്താണ് ഹൈദരാബാദ് എഫ്സി. ഇതുവരെ കളിച്ച 12 മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ഹൈദരാബാദിനുള്ളത്. 9 മത്സരങ്ങളിൽ അവർ പരാജയപ്പെട്ടു. ആകെ അഞ്ച് പോയിൻ്റ് മാത്രമാണ് ഹൈദരാബാദ് എഫ്സിക്കുള്ളത്.
Story Highlights: Albert Roca, ISL, Hyderabad fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here