ഒരേയൊരു ഗോൾ; ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ആതിഥേയരായ എടികെയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്പിച്ചാണ് ബ്ലാസ്റ്റേഴ്സ് വിന്നിംഗ് മൊമൻ്റം തുടർന്നത്. 70ആം മിനിട്ടിൽ ഹാലിചരൻ നർസാരിയാണ് മത്സരഗതി നിർണയിച്ച ഗോൾ നേടിയത്. ഉദ്ഘാടന മത്സരത്തിൽ സ്വന്തം തട്ടകത്തിൽ വെച്ചും ബ്ലാസ്റ്റേഴ്സ് എടികെയെ തോല്പിച്ചിരുന്നു.
എടികെയുടെ കൗണ്ടർ അറ്റാക്കും ബ്ലാസ്റ്റേഴ്സിൻ്റെ പൊസിഷൻ ഫുട്ബോളും തമ്മിലായിരുന്നു മത്സരം. ആദ്യ പകുതിയിൽ ആതിഥേയരെ വിഴുങ്ങിക്കളഞ്ഞ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. മികച്ച പൊസിഷനും പാസിംഗ് ആക്യുറസിയും കാഴ്ച വെച്ച മഞ്ഞപ്പട കോച്ചിൻ്റെ തന്ത്രങ്ങൾ കൃത്യമായി കളിക്കളത്തിൽ നടപ്പാക്കി. മെസ്സി ബൗളിയും ഓഗ്ബച്ചെയും ചേർന്ന ആക്രമണ നിര അപകടകരമായ നീക്കങ്ങൾ മെനഞ്ഞു. റോയ് കൃഷ്ണയിലൂടെ കൗണ്ടർ അറ്റാക്ക് നടത്തി വന്നിരുന്ന എടികെ ഗെയിം പ്ലേയ്ക്ക് മുഹമ്മദ് റാകിപ് തുടക്കത്തിൽ തന്നെ തിരിച്ചടി നൽകി. റോയ് കൃഷ്ണയുടെ അസാമാന്യ വേഗത്തിനൊപ്പം നിന്ന റാകിപ് ഫലപ്രദമായി കൃഷ്ണയെ പൂട്ടി. ബ്ലാസ്റ്റേഴ്സ് പ്രതിരോധം മൈക്കൽ സൂസൈരാജിനെ ഫ്രീയാക്കി വിടാതിരുന്നതോടെ മുന്നേറ്റ നിരയിലേക്കുള്ള പന്തൊഴുക്ക് നിലച്ചു. അതോടെ കോച്ചിനു മറ്റു വഴികൾ തേടേണ്ടി വന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ ബോർഡിൽ 0-0.
രണ്ടാം പകുതിയിൽ എടികെ ആക്രമണം വർധിപ്പിച്ചു. വലതു വിങിൽ പ്രബിർ ദാസിൻ്റെ ഇടപെടലുകൾ പലപ്പോഴും ബ്ലാസ്റ്റേഴ്സിനു ഭീഷണിയായി. എടികെ കളി പിടിച്ചപ്പോഴായിരുന്നു ഗോൾ. 70ആം മിനിട്ടിൽ ബോക്സിനു പുറത്ത് നിന്ന് പന്തു ലഭിച്ച നർസാരി ഡിഫൻഡർമാരെ മറികടന്ന് 20 വാര അകലെ നിന്ന് തൊടുത്ത സ്ക്രീമർ അരിന്ദം ഭട്ടാചാര്യയെ മറികടന്ന് വല കുലുക്കി. ഗോൾ വീണതോടെ എടികെ തിരിച്ചടിക്കാനുള്ള ശ്രമങ്ങളിലായി. പലപ്പോഴും കളി കയ്യാങ്കളിയിലേക്കും നീങ്ങി. 80ആം മിനിട്ടിൽ റോയ് കൃഷ്ണയുടെ ഷോട്ട് അതിഗംഭീരമായി ടിപി രഹനേഷ് തടുത്തു. അവസാന ഘട്ടത്തിൽ കളിക്കാരും പരിശീലകരുമൊക്കെ ഉൾപ്പെട്ട കയ്യാങ്കളി റഫറി കഷ്ടപ്പെട്ടാണ് നിയന്ത്രിച്ചത്. ഇതിനിടെ എടികെ പരിശീലകൻ അൻ്റോണിയോ ലോപസ് ഹെബാസിനു ചുവപ്പ് കാർഡും ലഭിച്ചു. ഇരു ടീമുകളിലെ കളിക്കാർക്കും കാർഡ് ലഭിക്കുകയും ചെയ്തു. എടികെയുടെ കടുത്ത പ്രസിംഗ് വല്ല വിധേനയും തടുത്തു നിന്ന ബ്ലാസ്റ്റേഴ്സ് തുടർച്ചയായ രണ്ടാം ജയവും മൂന്നു പോയിൻ്റും പോക്കറ്റിലാക്കി.
ജയത്തോടെ 14 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്കുയർന്നു. കൊൽക്കത്തയിൽ ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്ന എടികെയുടെ റെക്കോർഡ് കൂടിയാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. 21 പോയിൻ്റുമായി എടികെ മൂന്നാം സ്ഥാനത്താണ്.
Story Highlights: ATK, Kerala Blasters, ISL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here