കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകം: മുഖ്യപ്രതികളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം കളിയിക്കാവിളയിൽ എഎസ്‌ഐയെ വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതികളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എഎസ്‌ഐ വിൽസണെ കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതികൾ നെയ്യാറ്റിൻകര നഗരത്തിൽ ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യമാണ് പൊലീസിന് ലഭിച്ചത്.
പ്രതികൾ കേരളത്തിൽ നിന്നാണോ കളിയിക്കാവിളയിലേക്കെത്തിയതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ദൃശ്യങ്ങൾ. കേരളാ പൊലീസും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ഉപേക്ഷിച്ച ബാഗ് കണ്ടെടുക്കാനുള്ള നടപടികളും ആരംഭിച്ചു.
Read Also: യുപിയിൽ ഒരു ദിവസം 12 ബലാത്സംഗം; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ
മുഖ്യപ്രതികളിലൊരാളായ തൗഫീഖുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തിരുനെൽവേലിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മുൻപ് ഇയാൾ പ്രതിയായ കൊലപാതകക്കേസിലെ കൂട്ടുപ്രതികളാണിവർ. തൗഫീഖും അബ്ദുൾ ഷെമീമും ഉൾപ്പെട്ട തീവ്രവാദ സ്വഭാവമുള്ള പുതിയ സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു.
അതേ സമയം പ്രതികൾ കേരളത്തിൽ തന്നെയുണ്ടെന്ന നിഗമനത്തിലാണ് തമിഴ്‌നാട് പൊലീസ്. കന്യാകുമാരി എസ്പിയായിരുന്ന ശ്രീനാഥിനാണ് അന്വേഷണത്തിന്റെ ചുമതല.
നേരത്തെ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്കുള്ള പാരിതോഷികം ഏഴ് ലക്ഷം രൂപയായി തമിഴ്നാട് പൊലീസ് ഉയർത്തിയിരുന്നു. കന്യാകുമാരി സ്വദേശികളായ മുഖ്യപ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഏഴ് ലക്ഷം രൂപ നൽകും. ആദ്യം നാല് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ഇതാണ് നിലവിൽ ഏഴ് ലക്ഷം രൂപയാക്കി ഉയർത്തിയിരിക്കുന്നത്.
kaliyikkavila
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here