ജയം തുടരുമോ ബ്ലാസ്റ്റേഴ്സ്; ഇന്ന് പോരാട്ടം എടികെയോട്

കഴിഞ്ഞ മത്സരത്തിലെ കൂറ്റൻ ജയത്തിൻ്റെ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എടികെയെ നേരിടും. കൊൽക്കത്തയുടെ തട്ടകത്തിലാണ് മത്സരം. മത്സരത്തിൽ ജയിച്ചാൽ ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്കുയരും. ഉദ്ഘാടന മത്സരത്തിൽ എടികെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ മത്സരഗതിയിൽ നിർണ്ണായക സാന്നിധ്യം ചെലുത്തിയ ജിയാനി സുയിവെർലൂൺ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. എടികെ നിരയിൽ ഡേവിഡ് വില്ല്യംസും കളിക്കില്ല.
4-4-2 എന്ന ഫോർമേഷനിലാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക. പിൻനിരയിൽ അബ്ദുൽ ഹക്കു ഇറങ്ങും. ഒപ്പം, വ്ലാത്കോ ദ്രോബറോവ്, ജെസ്സെൽ കാർനീറോ, മുഹമ്മദ് റാകിപ് എന്നിവരും ഡിഫൻസിലുണ്ടാവവും. സഹൽ ബെഞ്ചിലാണ്. മുഹമ്മദ് നിങ്, സത്യസെൻ സിംഗ്, ഹാലിചരൻ നർസാരി, മരിയോ ആർക്കസ് എന്നിവർ മധ്യനിരയിലുണ്ട്. മെസ്സി ബൗളി, ഓഗ്ബച്ചെ എന്നിവർ ആക്രമണത്തിനു നേതൃത്വം നൽകും. 5-4-1 എന്ന ഫോർമേഷനിലിറങ്ങുന്ന എടികെ നിരയിൽ റോയ് കൃഷ്ണ മാത്രമാണ് ആക്രമണത്തിനുള്ളത്.
ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഇന്നത്തെ മത്സരം വിജയിക്കുക എന്നത് ടോപ്പ് ഫോർ പ്രതീക്ഷ നിലനിർത്തുന്നതിന് ഏറെ സഹായകരമാവും. ഒപ്പം, വിന്നിംഗ് മൊമൻ്റം നിലനിർത്തുക എന്ന ലക്ഷ്യവും മഞ്ഞപ്പടക്ക് ഉണ്ടാവും. ഇതുവരെ 11 മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും 5 സമനിലയും സഹിതം 11 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ എട്ടാമതാണ്. ഈ മത്സരം വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ആറാം സ്ഥാനത്തേക്കുയരാനാവും.
മുന്നേറ്റ നിരയിൽ ബെർതലമ്യു ഓഗ്ബച്ചെ ഫോമിലേക്കുയർന്നത് ബ്ലാസ്റ്റേഴ്സ് ക്യാമ്പിന് ഏറെ ആശ്വാസം പകരും. ഒപ്പം മെസി ബൗളിയും സെത്യസെൻ സിംഗും നിർണായക സംഭാവനകൾ കഴിഞ്ഞ മത്സരത്തിൽ നൽകിയിരുന്നു. പിൻ നിരയിൽ ജിയാനി സുയിവെർലൂണിൻ്റെ സാന്നിധ്യം കഴിഞ്ഞ മത്സരഫലത്തെ കാര്യമായി സ്വാധീനിച്ചിരുന്നു. സൂയിവെർലൂൺ ഇന്ന് ഇറങ്ങാത്തത് ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയാകും. എടികെ ഫോർവേഡ് റോയ് കൃഷ്ണയുടെ വേഗത്തെ സൂയിവെർലൂണിൻ്റെ അസാന്നിധ്യത്തിൽ ബ്ലാസ്റ്റേഴ്സ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനനുസരിച്ചാവും മത്സരഫലം.
Story Highlights: ISL, Kerala Blasters, ATK
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here