വിശാല സഖ്യം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി; എട്ടോളം പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസ് വിളിച്ച യോഗം ബഹിഷ്‌ക്കരിച്ചു

പൗരത്വ നിയമ ഭേദഗതി മുന്‍ നിര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യം ഉണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്ക് തിരിച്ചടി. കോണ്‍ഗ്രസിന്റെ നേതൃത്വം അംഗീകരിക്കാന്‍ വിസമ്മതിച്ച് എട്ടോളം പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസ് വിളിച്ച യോഗം ബഹിഷ്‌ക്കരിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ യുവാക്കളെ അഭിമുഖീകരിക്കാന്‍ മടിയാണെന്ന് യോഗത്തിന് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ വികാരത്തെ മുന്‍ നിര്‍ത്തി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിശാല മതേതര സഖ്യം എന്ന പേരില്‍ യുപിഎയെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യം. തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, ആം ആദ്മി പാര്‍ട്ടി, ബിഎസ്പി, ശിവസേന മുതലായ പാര്‍ട്ടികള്‍ എല്ലാം കോണ്‍ഗ്രസ് നേതൃത്വത്തിന് പിന്നില്‍ അണിനിരക്കും എന്നായിരുന്നു പാര്‍ട്ടിയുടെ പ്രതീക്ഷ. പക്ഷേ സംഭവിച്ചത് മറിച്ചാണ്. കോണ്‍ഗ്രസിന്റെ നേതൃത്വം അംഗീകരിച്ച് മുന്നോട്ട് പോകാന്‍ വിസമ്മതം അറിയിച്ച് ഈ പാര്‍ട്ടികള്‍ ഒന്നും പാര്‍ലമെന്റിന്റെ ലൈബ്രറിഹാളില്‍ നടന്ന യോഗത്തിനെത്തിയില്ല.
അതേസമയം പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള നീക്കങ്ങളില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി യോഗ ശേഷം മാധ്യമങ്ങളെ അറിയിച്ചു. പ്രധാനമന്ത്രിക്ക് രാജ്യത്ത് യുവാക്കളെ ഭയമാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. കോണ്‍ഗ്രസ് വിളിച്ച് ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഇടത് പാര്‍ട്ടികളില്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here