സംസ്ഥാനത്ത് ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കുന്നു

സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ്-കേരളയെ ഡിജിറ്റല്‍ സര്‍വകലാശാലയാക്കാനാണ് തീരുമാനം. വ്യവസായ ഇടനാഴിയുടെ ഭാഗമായി പാലക്കാട് സ്ഥാപിക്കുന്ന ഏകീകൃത ഉല്‍പാദന ക്ലസ്റ്ററിന്റെ വികസനത്തിന് 1038 കോടി ചെലവില്‍ 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. ദി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്റ് ടെക്‌നോളജി എന്ന പേരിലായിരിക്കും പുതിയ സര്‍വ്വകലാശാല. ഇതോടെ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ എണ്ണം 14 ആയി ഉയരും. നിലവില്‍ ഐ.ടി വകുപ്പിനു കീഴില്‍ സ്വയംഭരണ സ്ഥാപനമായാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റു മാനേജ്‌മെന്റ പ്രവര്‍ത്തിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനലിറ്റിക്‌സ്, ബ്ലോക്ക് ചെയിന്‍, കോഗ് നിറ്റീവ് സയന്‍സ് തുടങ്ങിയ മേഖലകള്‍ക്ക് ഡിജിറ്റല്‍ സര്‍വ്വകലാശാല ഊന്നല്‍ നല്‍കും. ഡിജിറ്റല്‍ മേഖലയില്‍ ഉയര്‍ന്ന നിലവാരമുള്ള മാനവ ശക്തിയുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍വ്വകലാശാലയ്ക്കു കീഴില്‍ അഞ്ച് സ്‌കൂളുകള്‍ സ്ഥാപിക്കും. ഡിജിറ്റല്‍ സാങ്കേതികവിദ്യാ മേഖലകളുടെ ഗവേഷണത്തിലും ബിരുദാന്തര ബിരുദ വിദ്യാഭ്യാസത്തിലുമായിരിക്കും സര്‍വ്വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുക.
കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി പാലക്കാട് സ്ഥാപിക്കുന്ന ഏകീകൃത ഉല്‍പാദന ക്ലസ്റ്ററിന്റെ വികസനത്തിന് 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കിഫ്ബി സഹായത്തോടെയാണ് ഭൂമി ഏറ്റെടുക്കുക. തീപ്പിടിത്തത്തില്‍ വീടുകള്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചാല്‍ പരമാവധി ഒരു ലക്ഷം രൂപയും വീട് പൂര്‍ണ്ണമായി കത്തിനശിച്ചാന്‍ നാലു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here