സുരക്ഷാ പ്രശ്നം; പാകിസ്താൻ പര്യടനത്തിൽ നിന്ന് ബംഗ്ലാദേശ് താരങ്ങൾ പിന്മാറുന്നു

സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി പാകിസ്താൻ പര്യടനത്തിൽ നിന്ന് ബംഗ്ലാദേശ് താരങ്ങൾ പിന്മാറുന്നു. പാകിസ്താനിലേക്കു പോകാൻ പല താരങ്ങൾക്കും പൂർണ മനസ്സില്ല. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മുഷ്ഫിക്കർ റഹീം പര്യടനത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിട്ടുണ്ട്.
പര്യടനത്തിനുള്ള ടീമിനെ ഇതുവരെ അംഗ്ലാദേശ് പ്രഖ്യാപിച്ചിട്ടില്ല. അതിനു മുൻപ് തന്നെ മുഷ്ഫിക്കർ വിഷയത്തിൽ നിലപാടെടുത്തത് മറ്റു പല താരങ്ങൾക്കും പ്രചോദനമായേക്കാം. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങൾ ഈ വിഷയം ചൂണ്ടിക്കാട്ടി സെലക്ഷൻ കമ്മറ്റിയെ സമീപിക്കാനും സാധ്യതയുണ്ട്. ഐസിസി വിലക്കിനെത്തുടർന്ന് ഷാക്കിബ് അൽ ഹസനെ നഷ്ടമായ ബംഗ്ലാദേശിന് മുഷ്ഫിക്കറിനെക്കൂടി നഷ്ടമാവുന്നത് കനത്ത തിരിച്ചടിയാകും.
മൂന്നു തവണ ആയാണ് ബംഗ്ലാദേശ് പാകിസ്താനിൽ പര്യടനം നടത്തുക. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ തുടർച്ചയായി താരങ്ങളെ പാകിസ്താനിൽ നിർത്തുന്നത് അപകടമാവും എന്ന ബംഗ്ലാദേശ് സർക്കാരിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് ക്രിക്കറ്റ് ബോർഡ് ഇത്തരത്തിൽ തീരുമാനമെടുത്തത്. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന് സർക്കാർ തന്നെ അറിയിക്കുമ്പോൾ എങ്ങനെയാണ് തങ്ങൾ പാകിസ്താനിൽ പര്യടനത്തിനു പോവുക എന്ന് ടീം അംഗങ്ങൾ ചോദിക്കുന്നു.
ഇത്തരത്തിലുള്ള പ്രതിസന്ധി നിലനിൽക്കുന്നതു കൊണ്ട് തന്നെ ടീം തെരഞ്ഞെടുപ്പിനു മുൻപ് താരങ്ങളുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചർച്ച നടത്തിയേക്കും. കൂടുതൽ താരങ്ങൾ പാകിസ്താനിലേക്ക് പോവില്ലെന്ന് അറിയിച്ചാൽ പര്യടനം റദ്ദാക്കാനും സാധ്യതയുണ്ട്.
അതേ സമയം, റാങ്കിംഗിൽ ഒന്നാമതാണെങ്കിലും തുടർച്ചയായ തോൽവികൾ വഴങ്ങുന്നതിൻ്റെ പശ്ചാത്തലത്തിൽ ഏഴ് താരങ്ങളെയാണ് പാക് ടീമിൽ നിന്നു പുറത്താക്കിയിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ കളിച്ച ടീമിൽ നിന്നും സമൂലമാറ്റവുമായാണ് ബംഗ്ലാദേശ് പരമ്പരയിൽ പാകിസ്താൻ ഇറങ്ങുക.
മൊഹമ്മദ് ആമിർ, ആസിഫ് അലി, ഫഖർ സമാൻ, ഹാരിസ് സൊഹൈൽ, ഇമാം ഉൾഹഖ്, മൊഹമ്മദ് ഇർഫാൻ, വഹാബ് റിയാസ് തുടങ്ങിയ താരങ്ങളും ടീമിൽ നിന്ന് പുറത്തായി. ഒപ്പം, മൂന്ന് പുതുമുഖങ്ങൾ ടീമിൽ ഉൾപ്പെടുകയും ചെയ്തു.
Story Highlights: Bangladesh, Pakistan