Advertisement

‘മുഖ്യമന്ത്രി രഹസ്യമായി എന്‍പിആർ നടപ്പിലാക്കാൻ ശ്രമിക്കുന്നു’; രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

January 17, 2020
1 minute Read
Ramesh Chennithala

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുവേദികളില്‍ ആർഎസ്എസിനും ദേശീയ പൗരത്വ പട്ടികക്കും എതിരെ സംസാരിക്കുന്ന മുഖ്യമന്ത്രി രഹസ്യമായി എന്‍പിആർ നടപ്പിലാക്കാനുളള ഔദ്യോഗിക നടപടികള്‍ നടത്തുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. വാർഡ് വിഭജനത്തിനുളള സർക്കാർ ഓർഡിനന്‍സ് നിയമവിരുദ്ധമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ പഴയ വോട്ടർ പട്ടിക ഉപയോഗിക്കാനുളള നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ദേശീയ പൗരത്വ പട്ടികയുടെയും ദേശീയ ജനസംഖ്യാ രജിസ്റ്ററിന്‍റെയും കാര്യത്തില്‍ മുഖ്യമന്ത്രി നിരന്തരം കളളം പറയുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പൊതുവേദികളില്‍ ആർഎസ്എസിനെതിരെ സംസാരിക്കുന്ന മുഖ്യമന്ത്രി, രഹസ്യമായി നരേന്ദ്രമോദിക്കും അമിത്ഷാക്കും മുന്നില്‍ നല്ലപിളള ചമയാന്‍ ശ്രമിക്കുകയാണ്. പൗരത്വ നിയമത്തിന്‍റെ കാര്യത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചുളള വാചക കസർത്താണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പഴയ വോട്ടർ പട്ടിക ഉപയോഗിക്കാനുളള നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. സിപിഐഎമ്മിന് സൗകര്യപ്രദമായ നിലയിലാണ് വാർഡുകള്‍ വിഭജിക്കാന്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. പൗരത്വനിയമം സംബന്ധിച്ച് ഗവർണർ സ്വീകരിക്കുന്നത് പദവിക്ക് നിരക്കാത്ത സമീപനമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം, സംസ്ഥാനത്ത് പൗരത്വപട്ടിക പുതുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. പൗരത്വ പട്ടിക നടപടികൾ സർക്കാർ നിർത്തി വെച്ചിരിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും സർക്കാർ നിർദേശിച്ചു. പൊതുഭരണവകുപ്പ് സെക്രട്ടറി ജില്ലാ കലക്ടർമാർക്ക് അയച്ച ഉത്തരവിലാണ് മുന്നറിയിപ്പ് നിർദേശം.

Story Highlights: Pinarayi Vijayan, Ramesh Chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top