കളിയിക്കാവിള കൊലപാതകം; മുഖ്യപ്രതികളുടെ ഐഎസ് ബന്ധം അന്വേഷിക്കുമെന്ന് പൊലീസ്

കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളുടെ ഐഎസ് ബന്ധം അന്വേഷിക്കുമെന്ന് പൊലീസ്. കൂട്ടാളികളെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായാണ് എഎസ്‌ഐ വിത്സനെ വെടിവച്ച് കൊന്നതെന്ന് പ്രതികൾ സമ്മതിച്ചതായും പൊലീസ് അറിയിച്ചു.14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ പാളയംകോട്ട ജയിലിലേക്ക് മാറ്റി.
പതിനാറ് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അബ്ദുൾ ഷെമീമിനെയും തൗഫീഖിനെയും കുഴിത്തുറ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്. പൊലീസ് കസ്റ്റഡി അപേക്ഷ തിങ്കഴാഴ്ച കോടതി പരിഗണിക്കും. അതിനാൽ തിങ്കളാഴ്ച പ്രതികളെ ഹാജരാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഐഎസിൽ ചേർന്നെന്ന് കരുതുന്ന മെഹബൂബ് പാഷയാണ് കൃത്യം നടത്തിയ 17അംഗ സംഘത്തിന്റെ തലവനെന്ന് കർണാടക പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഎസ് ബന്ധം തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നത്.
കൊലയ്ക്ക് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഗൂഡാലോചന സംബന്ധിച്ചോ ആസൂത്രണത്തിന് പിന്നിലുള്ളവരെ കുറിച്ചോ പ്രതികൾ സൂചന നൽകിട്ടില്ല. അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയുമായി എത്തിയ മൂന്ന് അഭിഭാഷകരെ ഒരു സംഘം ആളുകൾ തടഞ്ഞു. കോടതി തുറക്കുമ്പോൾ ജാമ്യാപേക്ഷ നൽകിയാൽ മതിയെന്ന് പറഞ്ഞായിരുന്നു തടയൽ. കനത്ത സുരക്ഷയിലായിരുന്നു പ്രതികളെ കോടതിയിലേക്കെത്തിച്ചത്.
story highlights- kaliyikkavila murder, ISIS, ASI Wilson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here