ഉക്രൈൻ പ്രധാനമന്ത്രിയുടെ രാജി പ്രസിഡന്റ് തള്ളി

ഉക്രൈൻ പ്രധാനമന്ത്രി ഒലെക്സി ഹോഞ്ചരുകിന്റെ രാജി പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി തള്ളി. ഇന്നലെയാണ് ഒലെക്സി ഹോഞ്ചരുക് രാജി സമർപ്പിച്ചത്. പ്രസിഡന്റിനെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാജി.
പ്രധാനമന്ത്രി പദവിയിൽ നിന്നുള്ള രാജി നിരസിച്ച പ്രസിഡന്റ്, സമൂഹത്തെ ബാധിക്കുന്ന സുപ്രധാന കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഒരു അവസരം കൂടി ഒലെക്സി ഹോഞ്ചരുകിന് നൽകുകയാണെന്നും അറിയിച്ചു. പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള രാജി രാജ്യത്തിൻറെ താൽപര്യത്തിന് പ്രതികൂലമായി ബാധിക്കുമെന്നും സെലൻസ്കി പ്രതികരിച്ചു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സംബന്ധിച്ച് പ്രസിഡന്റിന് വലിയ ധാരണയില്ലെന്നായിരുന്നു ഒലെക്സിയുടെ പരാമർശം. പ്രധാനമന്ത്രി ധനമന്ത്രിയുമായി നടത്തിയ രഹസ്യ സംഭാഷണം എന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട ശബ്ദ സന്ദേശത്തിലാണ് വിവാദ പരാമർശമുള്ളത്. ശബ്ദ സന്ദേശത്തെ പൂർണമായും തള്ളിക്കളയാൻ പ്രധാനമന്ത്രി തയാറായിട്ടില്ല. എന്നാൽ വ്യത്യസ്ത സർക്കാർ യോഗങ്ങളിൽ നടത്തിയ പരാമർശങ്ങൾ സംയോജിപ്പിച്ച് തെറ്റിധാരണ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രചരിപ്പിക്കുകയാണെന്നാണ് ഒലെക്സി ഹോഞ്ചരുകിന്റെ വാദം.
Story Highlights- Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here